‘കിടക്ക പങ്കിടാന്‍ തയ്യാറല്ലെങ്കില്‍ പല സിനിമകളിലും റോളില്ല’;കാസ്റ്റിങ് കൗച്ചിനെതിരെ തുറന്നടിച്ച് നടി പത്മ പ്രിയയും

single-img
29 July 2017

അടുത്തകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നടിച്ച് നടി പത്മ പ്രിയയും. സിനിമാ മേഖലയില്‍ കാസ്റ്റിങ് കൗച്ച് എന്നത് ഒരു യാഥാര്‍ത്യമാണെന്നാണ് പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താരത്തിന്റെ അഭിപ്രായം.

അഭിനയിക്കാനായി വിളിക്കുമ്പോള്‍ തിരക്കഥ ചോദിച്ചാല്‍ നമ്മുടെ ഭാഗം മാത്രമേ പറഞ്ഞു തരൂ. അതും ശരിയായ കഥയാണോ എന്നും ഉറപ്പില്ല. ഇതൊക്കെത്തന്നെയല്ലേ കാസ്റ്റിംഗ് കൗച്ച്. നിങ്ങള്‍ കിടക്ക പങ്കിടാന്‍ തയ്യാറല്ല, മാത്രമല്ല സ്‌ക്രിപ്റ്റും ചോദിക്കുന്നുവെന്ന് വെക്കുക. പിന്നെ നിങ്ങള്‍ ആ സിനിമയിലില്ല. അതെന്താ കാസ്റ്റിംഗ് കൗച്ച് അല്ലേ എന്നും പത്മപ്രിയ ചോദിക്കുന്നു.

പുതിയ നടിമാര്‍ക്ക് മാത്രമാണ് ഈ പ്രശ്നമെന്ന് കരുതരുത്. പേരും പ്രശസ്തിയും ആയിക്കഴിഞ്ഞവര്‍ക്കാണ് ഈ മേഖലയില്‍ കൂടുതല്‍ പ്രഷര്‍. കാരണം അവര്‍ക്ക് ഇനിയും സിനിമയില്‍ നിന്നേ പറ്റൂ. അതുകൊണ്ട് ഇങ്ങനെയുള്ളവര്‍ക്കാണ് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ കൂടുതലെന്നും പത്മപ്രിയ പറയുന്നു.

‘മോശം നടിമാര്‍ കിടക്ക പങ്കിട്ടിട്ടുണ്ടാവാം എന്നു പറയുന്നു. അപ്പോള്‍ ആ നടിമാരുടെ കൂടെ കിടന്നവരെ കുറിച്ച് എന്തു പറയണം.അങ്ങനെ കിടക്ക പങ്കിടുന്നവര്‍ക്ക് എന്തെങ്കിലും ഉറപ്പുണ്ടോ അത് വിജയിക്കുമെന്ന്. പിന്നെ, സിനിമയില്‍ എല്ലാ കാലത്തും ഇതു നടക്കുമെന്ന് പുരുഷന്‍മാര്‍ കരുതരുത്, പുതിയ ജനറേഷന്‍ അതിനു നിന്നുകൊടുക്കാന്‍ പോവുന്നില്ലെന്നും’ പത്മപ്രിയ പറയുന്നു.

എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ലെന്ന് പത്മപ്രിയ പറയുന്നു. പക്ഷേ ഒഴിവാക്കലുകള്‍ ഉണ്ടായിട്ടുണ്ട്. നല്ല സ്‌ക്രിപ്റ്റ് ഉണ്ടെങ്കിലേ ഞാന്‍ അഭിനയിക്കൂ എന്ന് അവര്‍ക്കറിയാം. എന്നാല്‍ പിന്നെ ഞാന്‍ വേണ്ട. അഭിനയിക്കും അതല്ലാതെ വേറെന്നും എന്റെ അടുത്തുനിന്ന് കിട്ടില്ല. അതും അവര്‍ക്കറിയാം. അതും ഒഴിവാക്കാനുള്ള കാരണമാണല്ലോ എന്നാണ് താരത്തിന്റെ അഭിപ്രായം.

അതേസമയം സിനിയില്‍ നിന്നല്ലാതെയും ഒരു തവണ മോശം അനുഭവം ഉണ്ടായതായി താരം വെളിപ്പെടുത്തുന്നു. ‘അയാള്‍ എന്റെ ഒരു സുഹൃത്താണ്. ഒരു വൈകുന്നേരം അയാള്‍ എന്റെ മുറിയില്‍ വന്നു. ഞാന്‍ അല്‍പചീനോയുടെ സിനിമ കാണുകയായിരുന്നു. ജയിലില്‍നിന്നു വരുന്ന കാമുകന്‍ അയാളുടെ പഴയ ഗേള്‍ഫ്രണ്ടിനെ കാണുന്ന ഒരു സീന്‍. അവള്‍ ഒരു സ്ട്രിപ്റ്റീസ് ഷോ ചെയ്യുന്നു.

ഞാന്‍ സുഹൃത്തിനോട് പറഞ്ഞു, നോക്കൂ എന്തു മനോഹരമായാണ് ആ സ്ട്രിപ്റ്റീസ് കഥാപാത്രത്തെ പ്രൊജക്റ്റ് ചെയ്തിരിക്കുന്നത്. എന്റെ ആ കമന്റ്, അത് അയാള്‍ ഒരു ക്ഷണമായി എടുത്തു. ഞാന്‍ പറഞ്ഞു. അയ്യോ, ചേട്ടാ, എനിക്ക് താല്‍പര്യമില്ല. ഞാന്‍ ഒരു നടിയാണ്, സിനിമയിലുണ്ട്. അതുകൊണ്ട് മാത്രം ഒരാള്‍ക്ക് ഞാന്‍ നിന്റെ കൂടെ കിടക്ക പങ്കിട്ടോട്ടെ എന്നു ചോദിക്കാനുള്ള അവകാശമുണ്ടോ, ഇല്ല’ എന്നും പത്മപ്രിയ പറയുന്നു.

മലയാളത്തിലെ പ്രമുഖ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ടും പത്മപ്രിയ പ്രതികരിക്കുകയുണ്ടായി. ആ നടിയെയും നടനെയും എനിക്കറിയാം. അങ്ങനെയൊരു അനുഭവത്തിലൂടെ കടന്നുപോകുന്ന സ്ത്രീയുടെ മാനസികാവസ്ഥ ആലോചിച്ചിട്ടുണ്ടോ. ഞങ്ങളൊക്കെ ചുറ്റുമുള്ളവരെ വിശ്വസിച്ചാണ് ഒരു മാസമൊക്കെ വേറെ സ്ഥലത്തു പോയി താമസിക്കുന്നത്. കുറ്റമാരോപിക്കപ്പെട്ട നടന്റെ കാര്യമോ? അതൊരു സ്റ്റോറിയാണോ എന്ന് ആര്‍ക്കറിയാം. എന്തായാലും ഈ സംഭവം കൊണ്ട് ഒരു കാര്യമുണ്ടായി, പല കാര്യങ്ങളും പുറത്തുവന്നുവെന്നും പത്മപ്രിയ പറയുന്നു.