നടിയെ ആക്രമിച്ച കേസ്: ഇടവേള ബാബുവിനെ ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്യുന്നു.

single-img
29 July 2017

നടിയെ ആക്രമിച്ച കേസില്‍ നടനും താരസംഘടനയുമായ അമ്മയുടെ വൈസ് പ്രസിഡന്റ് ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് പൊലീസിന്റെ ചോദ്യം ചെയ്യല്‍. ചലച്ചിത്ര നിര്‍മാണ മേഖലയുമായി ദിലീപിനുള്ള ബന്ധങ്ങള്‍ ചോദിച്ചറിയുന്നതിനാണ് ഇടവേള ബാബുവിനെ പൊലീസ് വിളിച്ചുവരുത്തിയിരിക്കുന്നത്. എന്നാണ് വിവരം. ദീര്‍ഘകാലമായി അമ്മയുടെ ഭാരവാഹി കൂടിയായ ഇടവേള ബാബു ദിലീപിന്റെ അടുത്ത സുഹൃത്തുമാണ്.

കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്‌തേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാവ്യ മാധവന്റെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് പ്രതി പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയിരുന്നു. രണ്ട് മാസത്തോളം കാവ്യയുടെ ഡ്രൈവറായിരുന്നുവെന്നാണ് സുനി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സുനിയുടെ മൊഴി സ്ഥിരീകരിക്കനായി പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോള്‍ പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടിലായിരുന്നു കാവ്യമാധവന്‍.

നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം പ്രതികളായ സുനിയും വിജേഷും കാവ്യയുടെ കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാനത്തില്‍ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കാവ്യയെ ചോദ്യം ചെയ്തത്.