ശമ്പളം വാങ്ങാന്‍ റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം:കാര്‍ഡ് മാറ്റിക്കിട്ടാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നെട്ടോട്ടം

single-img
29 July 2017

കണ്ണൂര്‍: ശമ്പളം ലഭിക്കാന്‍ റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന റിപ്പോര്‍ട്ട് വന്നതോടെ നേട്ടോട്ടത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍.അനധികൃതമായി മുന്‍ഗണനലിസ്റ്റിലുള്ളവരാണ് കാര്‍ഡ് മാറ്റികിട്ടാനായി പരക്കം പായുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആഗസ്റ്റ് മാസത്തെ ശമ്പളം ലഭിക്കണമെങ്കില്‍ അതാത് വകുപ്പ് മേധാവികള്‍ക്ക് റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാറ്റിക്കിട്ടാനുള്ള തത്രപ്പാടിലാണ്. ഇതു സംബന്ധിച്ച് ഭക്ഷ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന വിവരം മറച്ചുവെച്ച് മുന്‍ഗണന വിഭാഗത്തില്‍ നിലനില്‍ക്കാനുള്ള ശ്രമം നടത്തിയതായി കണ്ടെത്തിയാല്‍ വകുപ്പുതല നടപടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്.

മാധ്യമങ്ങളില്‍ വാര്‍ത്തവന്ന് രണ്ട് ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ വിവിധ സപ്ലൈസ് ഓഫിസുകളില്‍ ആയിരക്കണക്കിന് റേഷന്‍കാര്‍ഡ് ഉടമകളാണ് മുന്‍ഗണനവിഭാഗത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സപ്ലൈസ് ഓഫിസുകളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ജുലൈ 30 വരെയാണ് മുന്‍ഗണന ലിസ്റ്റില്‍ നിന്ന് സ്വയം ഒഴിവാകാനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ് താലൂക്ക് ഓഫിസുകളില്‍ മാത്രം വ്യാഴം, വെള്ളി ദിവസങ്ങളിലായി 2000ത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് മുന്‍ഗണന ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചത്. മറ്റ് ജില്ലകളിലും സമാനമായ രീതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അപേക്ഷ നല്‍കിയതായാണ് വിവരം.