മെഡിക്കല്‍ കോഴ: പണമിടപാട് സ്ഥിരീകരിച്ച് ആര്‍എസ് വിനോദിന്റെ മൊഴി

single-img
29 July 2017

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ പണമിടപാട് സ്ഥിരീകരിച്ച് ബിജെപി സഹകരണ സെല്‍ മുന്‍ കണ്‍വീനര്‍ ആര്‍എസ് വിനോദ് മൊഴി നല്‍കി.

കണ്‍സള്‍ട്ടന്‍സി ഫീസായി 25 ലക്ഷം രൂപ കോളജ് ഉടമയില്‍ നിന്ന് വാങ്ങി നല്‍കിയെന്നാണ് വിനോദ് വിജിലന്‍സിന് മുമ്പാകെ മൊഴി നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലെ ഇടനിലക്കാരനായ സതീഷ് നായര്‍ക്കാണ് പണം കൈമാറിയതെന്നും വിനോദ് പറഞ്ഞു. മെഡിക്കല്‍ കോളജിനായി പണം നല്‍കിയെന്ന് കോളജ് ഉടമ ഷാജിയും നേരത്തെ മൊഴി നല്‍കിയിരുന്നു.

‘സതീഷ് നായരെ നേരിട്ട് പരിചയമില്ല. രാജേഷ് എന്നയാള്‍ മുഖേനയാണ് സതീഷ് നായരെക്കുറിച്ച് അറിഞ്ഞത്. തന്റെ ബാങ്കില്‍ അക്കൗണ്ടുള്ളയാളാണ് രാജേഷെന്നും അങ്ങനെയാണ് രാജേഷിനെ പരിചയം. സതീഷ് നായരുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. അഞ്ച് ലക്ഷം രൂപ വീതം അഞ്ച് തവണയായാണ് മെഡിക്കല്‍ കോളജ് ഉടമയില്‍ നിന്ന് പണം വാങ്ങിയത്’ എന്നും വിനോദ് പറഞ്ഞു.

ബിജെപി നേതാക്കള്‍ക്ക് ആര്‍ക്കും ഇതില്‍ പങ്കില്ല. മെഡിക്കല്‍ കോളജുകളുടെ വാര്‍ഷിക ഇന്‍സ്പെക്ഷന് മുന്നോടിയായാണ് പണം വാങ്ങി നല്‍കിയത്. ഈ ഇടപാടില്‍ താന്‍ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും ഇതില്‍ തനിക്ക് വ്യക്തിപരമായി ലാഭമുണ്ടായിട്ടില്ലെന്നും വിനോദ് പറഞ്ഞു.

തിരുവനന്തപുരം വര്‍ക്കലയിലുള്ള ഒരു മെഡിക്കല്‍ കോളേജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം വാങ്ങി നല്‍കാനായി കോളേജ് ഉടമയായ ആര്‍ ഷാജി ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിന് പണം നല്‍കിയതായി പാര്‍ട്ടി അന്വേഷണക്കമ്മിഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ ബിജെപിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.