മയക്കു മരുന്ന് വിവാദം: തെലുങ്ക് താരങ്ങളെ കാണുന്നത് ‘ഇര’കളായി; അറസ്റ്റ് ചെയ്യില്ലെന്ന് മുഖ്യമന്ത്രി

single-img
29 July 2017

ഹൈദരാബാദ്: മയക്കു മരുന്ന് കേസില്‍ ഉള്‍പ്പെട്ട് തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. സൂപ്പര്‍ താരം രവി തേജയുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ ഇവരെയെല്ലാം അന്വേഷണ സംഘം ‘ഇര’കളായി മാത്രമേ കണക്കാക്കൂവെന്നും ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി.

ലഹരി ഉപയോഗിക്കുന്നവരെയും നിയമമനുസരിച്ച് പ്രതികളാക്കാമെങ്കിലും, ചലച്ചിത്ര താരങ്ങള്‍ക്ക് പിന്നാലെ പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. ലഹരിമരുന്നിന് ഇരകളായതിനാല്‍ താരങ്ങളെ ആ രീതിയില്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് അന്വേഷണ സംഘാംഗങ്ങള്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ലഹരിമരുന്ന് കടത്തുന്നതും വില്‍ക്കുന്നതും കുറ്റമാണ് എന്നാല്‍ ലഹരി ഉപയോഗിക്കുന്നത് തെറ്റല്ലെന്നും മന്ത്രി യോഗത്തില്‍ അഭിപ്രായപ്പെട്ടു. അതേസമയം, താരങ്ങളെ ചോദ്യം ചെയ്തതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ലഹരി മാഫിയയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിക്കുന്നതിന് ഇവരെ ചോദ്യം ചെയ്യുന്നത് ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രവി തേജ എക്‌സൈസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പാകെ ചോദ്യംചെയ്യലിനു ഹാജരായതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്ത സംവിധായകന്‍ പുരി ജഗന്നാഥിന്റെ ഏതാനും സിനിമകളില്‍ രവി തേജ അഭിനയിച്ചിട്ടുണ്ട്. ഇവര്‍ക്കു പുറമെ ക്യാമറാമാന്‍ ശ്യാം കെ. നായിഡു, നടന്‍മാരായ പി. സുബ്ബരാജു, തരുണ്‍കുമാര്‍, പി. നവദീപ്, നടിമാരായ ചാര്‍മി കൗര്‍, മുമൈത് ഖാന്‍, കലാസംവിധായകന്‍ ധര്‍മറാവു തുടങ്ങിയവരെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.

സിനിമാ രംഗത്തെ 12 പേര്‍ക്കാണു സമന്‍സ് അയച്ചിരിക്കുന്നത്. കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണം നീളുമെന്നു സംഘം അറിയിച്ചു. ഹോളണ്ടുകാരനായ മൈക്ക് കമിങ്ഗ, യുഎസ് പൗരനും നാസയില്‍ എന്‍ജിനീയറുമായ ഡുണ്ടു അനീഷ്, ഹൈദരാബാദില്‍ ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്യുന്ന ഏഴു ബിടെക് ബിരുദധാരികള്‍ എന്നിവരടക്കം 20 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. എല്‍എസ്ഡി, എംഡിഎംഎ എന്നീ ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്ന വിലയേറിയ ലഹരിമരുന്നുകളാണു സംഘം ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നത്.