ചിത്രയ്ക്ക് അവസരമില്ല;ഹൈക്കോടതി വിധി നടപ്പാക്കാനാകില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍

single-img
29 July 2017

കൊച്ചി: ലോക അത്ലറ്റിക്‌സ് ചാമ്പ്യൻഷിനുള്ള ടീമിൽ പി.യു ചിത്രയെ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് അത്ലറ്റിക്സ് ഫെഡറേഷൻ. തങ്ങളുടെ വാദം കേൾക്കാതെയാണ് കോടതി ഉത്തരവെന്നും ഇക്കാര്യം കേരള ഹൈക്കോടതിയെ അറിയിക്കുമെന്നും ഫെഡറേഷൻ അധികൃതർ പറഞ്ഞു.ലണ്ടന്‍ യാത്രയ്ക്കുളള ടീമില്‍ ഉള്‍പ്പെടുത്താനുളള സമയപരിധി അവസാനിച്ചെന്ന് തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കുമെന്നും അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് പറഞ്ഞു. കോടതിവിധിയുടെ പകര്‍പ്പ് ലഭിച്ചത് അവസാന നിമിഷം. ചില കാര്യങ്ങളില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇന്നലെ കോടതി ചിത്രയുടെ ഹർജി പരിഗണിച്ചപ്പോൾ ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷനോട് വിശദീകരണം തേടിയെങ്കിലും നേരിട്ടോ അഭിഭാഷകൻ മുഖേനയോ മറുപടി നൽകാൻ ഫെഡറേഷൻ തയ്യാറായിരുന്നില്ല. അതേസമയം ഇങ്ങനെയൊരു അവസ്ഥ വന്നതില്‍ സങ്കടമുണ്ടെന്ന് പി.യു ചിത്ര പ്രതികരിച്ചു. പങ്കെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും ചിത്ര പറഞ്ഞു.

ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ പി.യു ചിത്രയെ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. 1500 മീറ്റര്‍ മത്സരത്തില്‍ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ചിത്ര നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.