വീണ്ടും സാന്റിയാഗോ മാർട്ടിൻ;മിസോറാം ലോട്ടറിയുടെ പാലക്കാട് ഗോഡൗണില്‍ പോലീസ് റെയ്ഡ്

single-img
29 July 2017

പാലക്കാട് : മിസോറം ലോട്ടറിയുടെ പാലക്കാട് ഗോഡൗണില്‍ പോലീസ് നടത്തിയ റെയ്ഡിൽ അഞ്ച് കോടിയിലേറെ ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുത്തു. നിയമവിരുദ്ധമായി ലോട്ടറി വില്‍പ്പന നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പാലക്കാട് കസബ പോലീസ് റെയ്ഡ് നടത്തിയത്. വിതരണക്കാരുടെ പ്രതിനിധികളില്‍ 4 പേരെ റെയ്ഡിനെ തുടര്‍ന്ന് പോലീസ് അറസ്റ്റു ചെയ്തു. ടീസ്റ്റ എന്ന മൊത്തവിതരണക്കാരാണ് മിസോറം ലോട്ടറിയുടെ കേരളത്തിലെ വിതരണക്കാര്‍.

മിസോറം ലോട്ടറി ഓഗസ്റ്റ് ഏഴുമുതല്‍ കേരളത്തില്‍ നറുക്കടുപ്പ് തുടങ്ങുമെന്ന് പരസ്യം ചെയ്തിരുന്നു.ദേശാഭിമാനി പത്രത്തിലാണു പരസ്യം വന്നത്. ഇതിനു പിന്നില്‍ ഒരു കാലത്ത് കേരളം തുരത്തിയോടിച്ച സാന്‍ഡിയാഗോ മാര്‍ട്ടിനാണെന്നും നിയമ വിരുദ്ധമായി വിതരണം നടത്തുന്ന ലോട്ടറിക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി ഡോ. തോമസ് ഐസക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മിസോറം ലോട്ടറി ഏജന്‍സിക്ക് നോട്ടീസ് അയച്ചിരുന്നു. കേന്ദ്ര ചട്ടപ്രകാരം ലോട്ടറി നടത്തുന്ന സംസ്ഥാനം മറ്റു സംസ്ഥാനങ്ങളെ അക്കാര്യം അറിയിച്ചിരിക്കണം. മിസോറം സര്‍ക്കാര്‍ ഇതു ചെയ്തിരുന്നില്ല. പത്രപ്പരസ്യം വഴിയാണ് ലോട്ടറി രംഗപ്രവേശനം ചെയ്തത്. സംസ്ഥാനസര്‍ക്കാര്‍ മിസോറം സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും ഇക്കാര്യം അറിയിച്ചു. ഇവിടെ നിന്നും പിടിച്ചെടുത്ത രേഖകള്‍ ജിഎസ്ടി അധികൃതരും പോലീസും പരിശോധിച്ചുവരികയാണ്.