‘ഹറാമായ ഈ ഗെയിം കളിക്കരുത്’; മകനൊപ്പം ചെസ് കളിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത മുഹമ്മദ് കൈഫിനെതിരെ സോഷ്യല്‍ മീഡിയയില്‍ മതമൗലികവാദികളുടെ ആക്രമണം

single-img
29 July 2017

മുംബൈ: അടുത്ത കാലത്തായി സദാചാര വാദികളുടേയും മതമൗലികവാദികളുടെയും സോഷ്യല്‍ മീഡിയാ ആക്രമണത്തിന് ഏറ്റവും കൂടുതല്‍ ഇരയാകുന്ന സെലിബ്രിറ്റികളാണ് ക്രിക്കറ്റ് താരങ്ങള്‍. കഴിഞ്ഞ ദിവസം പേസര്‍ ഇര്‍ഫാന്‍ പഠാനെതിരേ മതമൗലികവാദികളുടെ ആക്രമണമുണ്ടായിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെതിരേ വീണ്ടും മൗതമൗലികവാദികള്‍ രംഗത്തെത്തിയിരിക്കുകയാണ്.

മകനോടൊപ്പം ചെസ് കളിക്കുന്നതിന്റെ ചിത്രം കൈഫ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചെസ് കളിക്കുന്നത് ഇസ് ലാമിന് വിരുദ്ധമാണെന്ന വിമര്‍ശനവുമായി താരത്തിനെതിരെ സോഷ്യല്‍ മീഡിയ ഉസ്താദുമാര്‍ രംഗത്തെത്തിയത്.

ഹറാമായ ഈ ഗെയിം കളിക്കുന്നത് ശരിയാണൊയെന്നു ചോദിച്ചുകൊണ്ട് താരത്തിനെതിരെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ചെസ് കളിക്കുന്നത് ഹറാമാണെന്നാണ് അന്‍വര്‍ ഷെയ്ക്ക് എന്നയാള്‍ പറയുന്നത്. ഇസ്‌ലാമിക മതാചാര പ്രകാരം ചെസ് കളിക്കരുതെന്ന ഉപദേശമാണ് മുഹമ്മദ് ഇമ്രാന്‍ എന്നയാള്‍ നല്‍കുന്നത്.

തനിക്കെതിരായ കമന്റുകള്‍ക്കെതിരെ ശക്തമായിട്ടായിരുന്നു കൈഫിന്റെ പ്രതികരണം. ശ്വസിക്കുന്നത് ഹറാമാണോ എന്ന് പണ്ഡിതരോട് ചോദിച്ച് നോക്കൂ എന്നായിരുന്നു കൈഫിന്റെ പ്രതികരണം. നേരത്തെ സൂര്യനമസ്‌കാരം ചെയ്തതിനും ഭാര്യയുടെ മുഖം മറയ്ക്കാത്ത ചിത്രം പോസ്റ്റ് ചെയ്തതിനും കൈഫിനെതിരെ മതമൗലികവാദികളുടെ സൈബര്‍ ആക്രമണമുണ്ടായിരുന്നു.

സമാനമായ രീതിയില്‍ ഇര്‍ഫാന്‍ പഠാനെതിരേയും സോഷ്യല്‍ മീഡിയയില്‍ ആക്രമണമുണ്ടായിരുന്നു. നെയ്ല്‍ പോളിഷ് ഇട്ട കൈകൊണ്ട് മുഖം മറച്ചു പിടിക്കുന്ന ഭാര്യയുടെ ചിത്രം പോസ്റ്റ് ചെയ്തതിനായിരുന്നു ഇര്‍ഫാനെതിരെ ചിലര്‍ രംഗത്തെത്തിയത്.