‘സുഷമ നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു’; പാക് യുവതിയുടെ ട്വീറ്റ് വൈറലാകുന്നു

single-img
28 July 2017

സോഷ്യല്‍ മീഡിയയിലെ താരമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ജാതിയോ മതമോ പാര്‍ട്ടിയോ രാജ്യമോ ഒന്നും നോക്കാതെയാണ് സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നവരെ സുഷമ സഹായിക്കുന്നത്. ഇപ്പോള്‍ സുഷമയ്ക്ക് ആശംസയുമായി എത്തിയിരിക്കുന്നത് പാക് വനിതയാണ്. ഒരുപാടൊരുപാട് നന്ദിയും സ്‌നേഹവും അറിയിക്കുന്നു. താങ്കള്‍ ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെയെങ്കില്‍ ഈ രാജ്യവും മാറിയേനെയെന്നും ഹിജാബ് ആസിഫ് എന്ന യുവതി തന്റെ ട്വിറ്ററില്‍ കുറിച്ചു.

പാകിസ്താന്‍ സ്വദേശിയായ ഒരാള്‍ക്ക് ചികിത്സയ്ക്കായി ഇന്ത്യയില്‍ വരാന്‍ അനുമതി ലഭിക്കുന്നതിനായി ഇടപെടണമെന്ന് സുഷമാ സ്വരാജിനോട് ഹിജാബ് ആസിഫ് ട്വിറ്ററില്‍ അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് സുഷമാ സ്വരാജിന്റെ നിര്‍ദ്ദേശപ്രകാരം പാകിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതി പ്രശ്‌നത്തില്‍ ഇടപെട്ടു. ഇക്കാര്യം വ്യക്തമാക്കി സ്ഥാനപതി കാര്യാലയം ട്വീറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ഹിജാബ് തന്റെ നന്ദി അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.

പിന്നാലെ സുഷമ സ്വരാജ് എന്താണ് ഞാന്‍ അങ്ങയെ വിളിക്കേണ്ടത്? സൂപ്പര്‍ വുമണെന്നോ? ദൈവമെന്നോ? നിങ്ങളുടെ ഈ മഹാമനസ്‌കത വിശദീകരിക്കാന്‍ ഞങ്ങള്‍ക്കു വാക്കുകളില്ല. താങ്കളെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. കണ്ണീരിനാല്‍ നിങ്ങളെ പുകഴ്ത്തുന്നത് നിര്‍ത്താന്‍ പോലും കഴിയുന്നില്ലെന്ന് മറ്റൊരു ട്വീറ്റ് കൂടി ഹിജാബ് ചെയ്തു.

നിരവധി പാകിസ്താനികളാണ് ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്തുന്നത്. പ്രധാനപ്പെട്ട പല ആശുപത്രികളിലും ഓരോ മാസവും 500ല്‍ അധികം രോഗികള്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍, കുല്‍ഭൂഷണ്‍ ജാദവ് പ്രശ്‌നത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഉലച്ചില്‍ ഇതിനെ ബാധിച്ചിരുന്നു. ഇന്ത്യയിലേയ്ക്ക് ചികിത്സയ്ക്കായി വരുന്ന പാകിസ്താനികള്‍ക്ക് ഇന്ത്യ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യന്‍ പൗരനായ ജാദവിന് പാകിസ്താന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയത്.