നടന്‍ ശ്രീനാഥിന്റെ മരണം ആത്മഹത്യയോ അതോ കൊലപാതകമോ? ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്ത്

single-img
28 July 2017

ഏഴുവര്‍ഷംമുമ്പ് ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നടന്‍ ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ച് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ശ്രീനാഥിന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍ മുറിയില്‍ നിന്ന് വിലപിടിപ്പുള്ളതൊന്നും കൈവശമില്ലായിരുന്നുവെന്നും താമസിച്ചിരുന്ന ഹോട്ടലില്‍ ശ്രീനാഥ് പ്രശ്‌നങ്ങളുണ്ടാക്കിയെന്ന മൊഴിയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്. ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവരാത്ത വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

അത്മഹത്യ ചെയ്യാന്‍ ഉപയോഗിച്ചതെന്നു പറയപ്പെടുന്ന മൂര്‍ച്ചയുള്ള ബ്ലേഡ് മാത്രമാണു കിട്ടിയതെന്നു പ്രോപ്പര്‍ട്ടി ലിസ്റ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീനാഥിന്റെ ഫോണും പേഴ്‌സുമൊന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ശ്രീനാഥ് ഹോട്ടലില്‍ ആരുമായാണു പ്രശ്‌നങ്ങളുണ്ടാക്കിയത്, എന്തായിരുന്നു പ്രശ്‌നം, അതാണോ സിനിമയില്‍ നിന്നു നീക്കാനുള്ള കാരണം, ശ്രീനാഥിന്റെ ഫോണുംപഴ്‌സുമെല്ലാം എവിടെപ്പോയി തുടങ്ങി ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ എണ്ണം കൂട്ടുന്നതാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.

ശ്രീനാഥ് അഭിനയിക്കേണ്ടിയിരുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകനായ വിനോദ് കുമാറിന്റെ മൊഴി ഇതിനോടു ചേര്‍ത്തുവായിക്കണം. 2010 മേയ് 18ന് സിനിമയുടെ സെറ്റിലെത്തിയ ശ്രീനാഥ് 19ന് ഷൂട്ടിങ്ങില്‍ പങ്കെടുത്തു. 19ന് ശേഷം ശ്രീനാഥിന്റെ ഭാഗം ഷൂട്ട് ചെയ്തിരുന്നില്ല.

ശ്രീനാഥ് ഹോട്ടലില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടാക്കിയതായി പറഞ്ഞുകേട്ടിരുന്നു. പിന്നീട് ശ്രീനാഥിനെ ഷൂട്ടിങ്ങില്‍ പങ്കെടുപ്പിക്കാത്തതിനാലും സിനിമയില്‍ നിന്നു നീക്കം ചെയ്യാനിടയുണ്ടായേക്കാമെന്ന അറിവിലും ഉണ്ടായ മാനസികവിഷമം മൂലം ആത്മഹത്യ ചെയ്തിരിക്കാം എന്നാണു വിനോദ്കുമാറിന്റെ മൊഴി.

നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടു കൂടി സിനിമാ മേഖലയില്‍ നിന്നും നിരവധി വെളിപ്പെടുത്തലുകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. പഴയ ചില ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഇപ്പോള്‍ വീണ്ടും ഉയര്‍ത്തെഴുന്നേറ്റ് വരുന്നുണ്ട്.

 

ഇതാണ് ഇപ്പോള്‍ സിനിമാക്കാരുടെ ഉറക്കം കെടുത്തുന്നതും. അന്തരിച്ച നടന്‍ തിലകന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ഒരു ആരോപണമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. നടന്‍ ശ്രീനാഥിന്റേത് ആത്മഹത്യയല്ല. കൊലപാതകമാണെന്ന് ഒരു പൊതുവേദിയില്‍ തിലകന്‍ പറയുന്നതിന്റെ വീഡിയോ ഇപ്പോള്‍ വന്‍തോതില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ശ്രീനാഥിന്റേത് ഒരു കൊലപാതകമാണെന്ന് പല സുഹൃത്തുക്കളും തന്നോട് പറഞ്ഞിരുന്നെന്നും ശ്രീനാഥ് താരസംഘടനയായ അമ്മയില്‍ നിന്ന് വലിയ സമ്മര്‍ദം അനുഭവിച്ചിരുന്നുവെന്നും തിലകന്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ സംഭവം ഭയം കാരണം പുറത്തുപറയാന്‍ ആരും തയ്യാറല്ല.

നാളെ സിനിമയില്‍ കാണില്ല എന്നാണ് ഒരാള്‍ അതിന് കാരണം പറഞ്ഞതെന്നും കോതമംഗലത്ത് കിടന്ന് മരിച്ചയാളിന്റെ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ആലപ്പുഴയിലെത്തിച്ചത് തന്റെ സംശയം ഇരട്ടിപ്പിച്ചെന്നും തിലകന്‍ ശ്രീനാഥ് അനുസ്മരണത്തില്‍ പറയുകയുണ്ടായി. എന്നാല്‍, ഇത്രയും ഗുരുതരമായ ഒരു ആരോപണം മുതിര്‍ന്ന ഒരു നടന്‍ പരസ്യമായി ഉന്നയിച്ചിട്ടും ഇക്കാര്യത്തില്‍ ഒരു കേസ് പോലും എടുക്കപ്പെട്ടില്ല. അതുകൊണ്ട് തന്നെ ഒരന്വേഷണവും നടന്നില്ല.

അതേസമയം ശ്രീനാഥിന്റെ മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ മുറിയില്‍ രണ്ടു പേര്‍ എത്തിയിരുന്നെന്നും ഇവര്‍ ഇരുപത് മിനിറ്റോളം മുറിയില്‍ ഉണ്ടായിരുന്നെന്നും ഹോട്ടലിന്റെ ജനറല്‍ മാനേജര്‍ ജോയി മൊഴി നല്‍കിയിരുന്നു. ശ്രീനാഥ് അഭിനയിക്കാനിരുന്ന ചിത്രത്തിന്റെ പ്രോഡക്ഷന്‍ എക്‌സിക്യുട്ടീവ് സഞ്ജു വൈക്കം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോഡ് എന്നിവര്‍ അന്ന് രാവിലെ ശ്രീനാഥിനെ കാണാന്‍ എത്തിയിരുന്നതായി ജോയിയുടെ മൊഴിയില്‍ പറയുന്നു.

20 മിനിറ്റ് കഴിഞ്ഞ് ഇരുവരും റിസപ്ഷനിലെത്തി ശ്രീനാഥിനെ സിനിമയില്‍ നിന്ന് മാറ്റിയെന്നും ഉച്ചയോടെ മുറി ഒഴിയുമെന്നും പറഞ്ഞു. പിന്നീട് ശ്രീനാഥിന്റെ മുറിയില്‍ നിന്ന് ഫോണ്‍ വന്നു. കോള്‍ എടുത്തപ്പോള്‍ ഞരക്കം മാത്രം കേട്ടതിനെ തുടര്‍ന്ന് മുറിയില്‍ എത്തിയപ്പോള്‍ വാതിലിന്റെ പിന്നില്‍ രക്തം ഒലിച്ച് കിടക്കുന്ന ശ്രീനാഥിനെയാണ് കണ്ടതെന്നും ജോയി പൊലീസിനോട് പറഞ്ഞു.

2010 മേയില്‍ പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴായിരുന്നു ശ്രീനാഥിന്റെ ദുരൂഹമരണം സംഭവിക്കുന്നത്. ഏതാനും രംഗങ്ങള്‍ ചിത്രീകരിച്ചശേഷമായിരുന്നു ശ്രീനാഥ് മരിച്ചത്. ശ്രീനാഥ് ചെയ്ത ചായക്കടക്കാരന്റെ വേഷം പിന്നീട് ലാലു അലക്‌സാണ് അഭിനയിച്ച് മുഴുമിപ്പിച്ചത്.

23 ന് രാവിലെയാണ് കോതമംഗലത്തെ മരിയ ഹോട്ടലിലെ 102ാം നമ്പര്‍ മുറിയില്‍ ഞരമ്പുമുറിച്ച് രക്തംവാര്‍ന്ന് മരിച്ചനിലയില്‍ ശ്രീനാഥിനെ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍മൂലം ജീവനൊടുക്കിയെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ശ്രീനാഥ് ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും നാലുമാസംകൊണ്ട് അന്വേഷണം അവസാനിച്ചു. ദുരൂഹതകളൊന്നും ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആത്മഹത്യയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും പൊലീസ് വ്യക്തമാക്കുകയായിരുന്നു.