തിരുവനന്തപുരത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം: 10 വീടുകള്‍ തകര്‍ത്തു; സി.പി.എമ്മുകാരന് വെട്ടേറ്റു

single-img
28 July 2017

തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാപക ബി.ജെ.പി സി.പി.എം അക്രമം. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെയും പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റേത് അടക്കമുളള വാഹനങ്ങള്‍ അക്രമിസംഘം അടിച്ചുതകര്‍ത്തു.

എം.ജി കോളജില്‍ എസ്എഫ്‌ഐ യൂണിറ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് വ്യാപക അക്രമത്തിലേക്ക് നയിച്ചത്. കോളജില്‍ എസ്.എഫ്‌ഐയുടെ കൊടിമരം എ.ബി.വി.പി പ്രവര്‍ത്തകര്‍ തകര്‍ത്തതിന് പ്രതികാരമായി മണക്കാട് ഭാഗത്ത് ബിജെപി കൊടിമരം തകര്‍ക്കപ്പെട്ടു. തൊട്ടു പിറകെ വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറുകയായിരുന്നു

വ്യാഴാഴ്ച പുലര്‍ച്ചെ തുടങ്ങിയ ആക്രമണം രാത്രിയായതോടെ നഗരത്തില്‍ മൂര്‍ച്ഛിക്കുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം കാട്ടാക്കട ശശി, ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദര്‍, കളിപ്പാന്‍കുളം വാര്‍ഡ് കൌണ്‍സിലര്‍ റസിയാബീഗം, ഡിവൈഎഫ്‌ഐ ബ്‌ളോക്ക് പ്രസിഡന്റ് ആര്‍ ഉണ്ണി എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

അതേസമയം സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് ഉള്‍പ്പടെ 6 കാറുകള്‍ അക്രമി സംഘം അടിച്ചു തകര്‍ത്തു. വെള്ളിയാഴ്ച അര്‍ധരാത്രി ഒന്നരയോടെയാണ് ആക്രമണം നടന്നത്. സംഭവ സമയം ഓഫീസിനു മുന്നില്‍ മ്യൂസിയം എസ്‌ഐ അടക്കം 5 പേര്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു സിവില്‍ പൊലീസ് ഓഫീസര്‍ മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിച്ചത്. ആക്രമണ പരമ്പര മുന്‍നിര്‍ത്തി തലസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശം നല്‍കി.

ചാലയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാട്ടാക്കട ശശിയുടെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകള്‍ മുഴുവന്‍ തകര്‍ന്നു. ശശിയും കുടുംബാംഗങ്ങളും സമീപ വീട്ടുകാരും ശബ്ദംകേട്ട് ലൈറ്റിട്ട് പുറത്തിറങ്ങിയപ്പോള്‍ മൂന്നുപേരും ബൈക്കില്‍ ആനാകോട് ഭാഗത്തേക്ക് രക്ഷപ്പെട്ടു.

സിപിഎം ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദറിന്റെ മണക്കാട് യമുന നഗറിലുള്ള വീട് വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് അക്രമിച്ചത്. മാരകായുധങ്ങളുമായി ബൈക്കുകളിലായെത്തിയ മുപ്പതംഗ സംഘമാണ് ആക്രമണം നടത്തിയത്. വാള്‍ ഉപയോഗിച്ച് ഗേറ്റ് വെട്ടിപ്പൊളിച്ച് അകത്തുകയറിയ ഒരു സംഘം കാര്‍, സ്‌കൂട്ടര്‍ എന്നിവ ആദ്യം തകര്‍ത്തു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ വീടിന്റെ മുന്‍വാതില്‍ കമ്പിപ്പാര, വാള്‍ എന്നിവ ഉപയോഗിച്ച് വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു. അകത്തുള്ള സ്ത്രീകളുടെ കൂട്ടക്കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു.

സുന്ദറിന്റെ വീട് ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് ഡിവൈഎഫ്‌ഐ ചാല ബ്‌ളോക്ക് പ്രസിഡന്റ് ആര്‍ ഉണ്ണിയുടെ ആറ്റുകാല്‍ ക്ഷേത്രത്തിനു സമീപത്തെ വീടിനു നേരെയും ആക്രമണമുണ്ടായി. വീടിനകത്തു കടന്ന സംഘം ടിവിയും മറ്റു ഗൃഹോപകരണങ്ങളും അടിച്ചുതകര്‍ത്തു. മുന്‍ വശത്തുണ്ടായിരുന്ന മിനി ലോറിയും ബൈക്കും അടിച്ചുതകര്‍ത്തു. വിവരമറിഞ്ഞ് പാര്‍ട്ടി ചാല ഏരിയ സെക്രട്ടറി സുന്ദര്‍ ഇവിടെയെത്തിയ സമയത്തായിരുന്നു സുന്ദറിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്.

ആക്രമണവിവരം അറിഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും മറ്റു നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളുടെ വീടുകളിലെത്തി. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.