പനാമ പേപ്പേഴ്സ്; നവാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി സുപ്രീം കോടതി

single-img
28 July 2017

പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ തൽസ്ഥാനത്തു നിന്നും അയോഗ്യനാക്കി സുപ്രീം കോടതിയുടെ വിധി. കുപ്രസിദ്ധമായ പനാമ രേഖകൾ പ്രകാരം അനധികൃത സ്വത്തുസമ്പാദനം നടത്തിയതായി തെളിഞ്ഞതിനു പിന്നാലെ വിചാരണ നേരിടുകയാണു നവാസ് ഷെരീഫ്.

മൂന്നുതവണയായി തുടർച്ചയായി പാക്കിസ്താൻ പ്രധാനമന്ത്രിയായി തുടരുന്ന നവാസ് ഷെരീഫ്, തന്റെ കാലാവധി പൂർത്തിയാക്കാൻ ഒരു വർഷം മാത്രം ശേഷിക്കെയാണു അയോഗ്യനാക്കപ്പെട്ടത്. പാക്കിസ്ഥാനിന്റെ രാഷ്ട്രീയസമവാക്യങ്ങളെയാകെ മാറ്റിമറിക്കാൻ സാധ്യതയുള്ള ചരിത്രപരമായ ഒരു വിധിയാണു സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.

ജസ്റ്റിസുമാരായ ആസിഫ് സയീദ് ഖോശ, ഗുൽസാർ അഹമ്മദ്, ഇജാസ് അഫ്സൽ, ഷെയ്ഖ് അസ്മത് സയീദ്, ഇജാസ് ഉൾ അഹ്സാൻ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണു നവാസ് ഷെരീഫിനെ അയോഗ്യനാക്കിയത്.

2016 ഏപ്രിലിൽ പുറത്തുവന്ന പനാമ രേഖകൾ പ്രകാരം നവാസ് ഷെരീഫിന്റെ മക്കൾക്ക് വിദേശത്ത് സ്വന്തമായി കമ്പനികളും സ്വത്തുക്കളും ഉള്ളതായി തെളിഞ്ഞിരുന്നു. ഈ സ്വത്തുവകകൾ കുടുംബസ്വത്തിൽ കാണിക്കാത്തതുകൊണ്ടുതന്നെ ഇതു അനധികൃത സ്വത്തുസമ്പാദനമാണെന്ന് ആരോപണമുയർന്നു.

 

ബ്രിട്ടീഷ് വിർജ്ജിൻ ഐലൻഡ് ആസ്ഥാനമായ നെസ്കോൺ ലിമിറ്റഡ്, നീത്സൺ എന്റർപ്രൈസസ് ലിമിറ്റഡ്, ഹാംഗോൺ പ്രോപ്പർട്ടി ഹോൾഡിംഗ്സ് ലിമിറ്റഡ് എന്നീ കമ്പനികളാണു നവാസ് ഷെരീഫിന്റെ മക്കളുടേതായി കണ്ടെത്തിയത്.

 

വിധിപ്രസ്താവം വരുന്നതിനുമുന്നേതന്നെ കോടതിപരിസരത്ത് തടിച്ചുകൂടിയ പാക്കിസ്താൻ മുസ്ലീം ലീഗ് (നവാസ് ഷെരീഫ്) ന്റെ പ്രവർത്തകരും ഇമ്രാൻ ഖാൻ നേതൃത്വം നൽകുന്ന പാക്കിസ്താൻ തെഹ്രീക്കി ഇൻസാഫിന്റെ പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിനായി 3000-ത്തോളം പോലീസ്-അർദ്ധസൈനിക ഉദ്യോഗസ്ഥരെയാണു വിന്യസിച്ചിരുന്നത്.