പ്രവാസികളുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും വിസ നല്‍കുന്നത് കുവൈത്ത് നിര്‍ത്തിവച്ചു

single-img
28 July 2017

കുവൈത്ത്: പ്രവാസികളുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും താമസവിസ നല്‍കുന്നതു കുവൈത്ത് നിര്‍ത്തിവച്ചു. പുതുക്കിയ ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്കുകള്‍ക്കു പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുന്നത് വരെ വിസ നിരോധനം തുടരുമെന്നാണ് താമസകാര്യ വകുപ്പില്‍ നിന്നുള്ള വിവരം.

പ്രവാസികളുടെ ഭാര്യ, മക്കള്‍ എന്നിവരൊഴികെയുള്ള ആശ്രിതര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് വര്‍ധിപ്പിച്ചു കൊണ്ടുള്ള ആഭ്യന്തര മന്ത്രാലയ ഉത്തരവ് പാര്‍ലമെന്റിന്റെ പരിഗണയിലാണ്. പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ നിയമത്തില്‍ ഭേദഗതി വരുത്തിയതിനു ശേഷമല്ലാതെ നിരക്ക് വര്‍ദ്ധന പ്രാബല്യത്തിലാകില്ല. ഇത് കണക്കിലെടുത്താണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നത് വരെ പുതിയ വിസ അനുവദിക്കണ്ട എന്ന് അധികൃതര്‍ തീരുമാനിച്ചത്.

പുതിയ നിരക്കില്‍ ഫീസ് അടയ്ക്കാന്‍ സന്നദ്ധരാകുന്നവര്‍ക്കും വിസ കിട്ടുന്നില്ല. അതേസമയം, പ്രവാസികള്‍ക്കൊപ്പം നിലവില്‍ കുവൈത്തിലുള്ള മാതാപിതാക്കളില്‍നിന്നും സഹോദരങ്ങളില്‍നിന്നും ഇഖാമ (താമസാനുമതി) പുതുക്കുന്നതിനൊപ്പം പുതിയ നിരക്കിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസും വാങ്ങുന്നുണ്ട്. ഇത്തരത്തില്‍ പ്രവാസികളെ ആശ്രയിച്ചുകഴിയുന്ന 13,000 പേരില്‍ 1500 പേര്‍ ഈ മാസം ഇഖാമ പുതുക്കിയിട്ടുണ്ട്.