പള്‍സര്‍ സുനിയെ അറിയില്ലെന്ന കാവ്യയുടെ വാദം പൊളിയുന്നു

single-img
28 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി കാവ്യയുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലും എത്തിയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ട്.

കേസുമായി ബന്ധപ്പെട്ട് കാവ്യയെ ചോദ്യം ചെയ്തപ്പോള്‍ പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു മൊഴി. സുനില്‍കുമാറിനെ അറിയില്ലെന്നും ചിത്രങ്ങളില്‍ മാത്രമാണു കണ്ടിട്ടുള്ളതെന്നും ഒരിക്കല്‍പോലും നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ആയിരുന്നു ചൊവ്വാഴ്ചത്തെ ചോദ്യംചെയ്യലില്‍ കാവ്യ പറഞ്ഞത്.

എന്നാല്‍ ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച ‘പിന്നെയും’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ സുനി എത്തിയിരുന്നതായും സുനി ഓടിച്ചിരുന്ന വാഹനത്തില്‍ കാവ്യ സഞ്ചരിച്ചിരുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചതായുമാണ് വിവരം. തേവലക്കരയില്‍ നടന്ന ഷൂട്ടിങിനിടയില്‍ സുനി വന്നിരുന്നതായും ഷൂട്ടിംഗ് നടന്ന വീട്ടിലെ ആള്‍ക്കാരുമായി സൗഹൃദത്തില്‍ ഇടപെട്ടതായും നേരത്തേ റിപ്പോര്‍ട്ട് വന്നിരുന്നു.

കാവ്യാ മാധവന്റെ പല മൊഴികളും പോലീസ് വിശ്വാസത്തില്‍ എടുത്തിരുന്നില്ല. പല ചോദ്യങ്ങള്‍ക്കും കാവ്യയുടെ മറുപടി അറിയില്ല എന്നായിരുന്നു. ഇത് തന്നെ പോലീസില്‍ സംശയമുളവാക്കി. കാവ്യയുടെ മൊഴികളിലെ വസ്തുത പരിശോധിക്കാന്‍ പോലീസ് സമാന്തരമായി അന്വേഷണം നടത്തിയിരുന്നു. കാവ്യ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അഭിനയിച്ച സിനിമകളുടെ ലൊക്കേഷനുകളില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു.

തുടര്‍ന്നാണ് കാവ്യയും ദിലീപും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രമായ ‘പിന്നെയും’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ സുനി എത്തിയതായുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചത്. ഇതോടെ പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപിനെ കുടുക്കിയ അതേ മൊഴി തന്നെ കാവ്യയ്ക്കും കുരുക്കാവാനാണ് സാധ്യത.

നേരത്ത, നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഒരു യുവനടിയുടെ അക്കൗണ്ടിലേക്ക് വന്‍ പണം എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ നടിയുമായി കാവ്യ കേരളത്തിന് പുറത്ത് കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാവ്യയില്‍ നിന്ന് വീണ്ടും മൊഴിയെടുത്തതിന് ശേഷം ഈ യുവനടിയെ പൊലീസ് ചോദ്യം ചെയ്യും.

കാവ്യയും അമ്മയും നല്‍കിയ മൊഴികളില്‍ പോലീസിന് സംശയങ്ങള്‍ ബാക്കിയുണ്ട്. കാവ്യയുടെയും അമ്മ ശ്യാമളയുടേയും മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കാന്‍ ഇരുവരേയും ഒരുവട്ടം കൂടി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ വസ്ത്രസ്ഥാപനത്തില്‍ നല്‍കിയിരുന്നതായി പള്‍സര്‍ സുനി നേരത്തേ പൊലീസിനോട് പറഞ്ഞിരുന്നു.