ഹജ്ജ് തീർത്ഥാടകരെ ലക്ഷ്യം വച്ച് മക്കയ്‌ക്ക് നേരെ ബാലിസ്‌റ്റിക് മിസൈൽ: ത്വാഇഫില്‍ വെച്ച് തകര്‍ത്തു

single-img
28 July 2017

ജിദ്ദ: സൗദി അറേബ്യയില്‍ മക്ക പട്ടണത്തിന് നേരെ വീണ്ടും യമനില്‍ നിന്ന് മിസൈല്‍. ഹൂതി വിമതര്‍ പ്രയോഗിച്ച ബാലിസ്റ്റിക് മിസൈല്‍ ത്വാഇഫിന് സമീപം വെച്ച് സൗദി വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. മക്കക്ക് 69 കിലോമീറ്റര്‍ അകലെയാണ് മിസൈല്‍ തകര്‍ന്നു വീണത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് വിവരം.

അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഹജ്ജ് തീര്‍ത്ഥാടനത്തെ മുന്നില്‍ കണ്ടാണ് ആക്രമണം നടത്തിയതെന്ന് സൗദി സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹജ്ജ് സീസണില്‍ പരിഭ്രാന്തി സൃഷ്ടിക്കലായിരുന്നു ഇവരുടെ ലക്ഷ്യം. ഇന്നലെ രാത്രിയോടെ ഉണ്ടായ സംഭവത്തെ കുറിച്ച് ഇന്ന് രാവിലെയാണ് അറബ് സഖ്യസേനയുടെ സെന്‍ട്രല്‍ കമാന്‍ഡ് ഔദ്യോഗികമായി വിശദീകരണം നല്‍കിയത്. എന്നാല്‍ സംഭവത്തില്‍ പരിഭ്രമിക്കാനില്ലെന്നും സൈന്യം വിശദീകരിച്ചു.