ദിലീപിന് 5 ജില്ലകളില്‍ 21.67 ഏക്കര്‍ ഭൂമി; നടപടിക്കൊരുങ്ങി സര്‍ക്കാര്‍

single-img
28 July 2017


റിയല്‍ എസ്‌റ്റേറ്റ് ഇടപാടില്‍ നടന്‍ ദിലീപിനെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ദിലീപ് ഭുപരിഷ്‌കരണ നിയമം ലംഘിച്ചതായി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. അഞ്ച് ജില്ലകളില്‍ 53 ഇടങ്ങളിലായി ദിലീപ് കൈവശം വെച്ചിരിക്കുന്നത് 21 ഏക്കര്‍ ഭൂമിയാണ്. ഭൂപരിഷ്‌കരണ നിയമപ്രകാരം കൈവശം വെക്കാവുന്ന 15 ഏക്കര്‍ എന്ന പരിധി ദിലീപ് ലംഘിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അഞ്ച് ജില്ലാ കളക്ടര്‍മാര്‍ ദിലീപിന്റെ ഭൂമിയിടപാടിന കുറിച്ച് അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് വൈകീട്ട് 5 മണിക്ക് മുമ്പായി സര്‍ക്കാറിന് മുമ്പില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഈ രേഖകള്‍ ലഭിച്ചതിനു ശേഷമാണ് മിച്ചഭൂമി സംബന്ധിച്ച കേസ് റജിസ്റ്റര്‍ ചെയ്യുന്നടക്കമുള്ള നടപടികള്‍ റവന്യുവകുപ്പ് സ്വീകരിക്കുക.

ചാലക്കാടുടിയിലെ ഡി സിനിമാസുമായി ബന്ധപ്പെട്ട പരാതിക്ക് പിന്നാലെ ഭൂമിയിടപാടില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ചാലക്കുടി, കുമരകം എന്നിവിടങ്ങള്‍ക്ക് പുറമേ എറണാകുളത്തും ദിലീപ് ഭൂമി കയ്യേറിയെന്ന പരാതിയാണിപ്പോള്‍ വന്നിരിക്കുന്നത്. വടക്കന്‍ പറവൂര്‍ കരുമാലൂരിലാണ് ഒരേക്കറിലധികം പുഴ പുറമ്പോക്ക് ദിലീപ് കയ്യേറിയെന്നായിരുന്നു ആരോപണം.

ചാലക്കുടിയിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ ഡി സിനിമാസുമായി ബന്ധപ്പെട്ട് ഒരേക്കര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ ദിലീപിനെതിരായി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് ദിലീപ് തിയേറ്റര്‍ പണിതെന്നായിരുന്നു ആരോപണം.

നേരത്തെ കുമരകം വില്ലേജിലെ 12ാം ബ്ലോക്കിലെ 190ാം സര്‍വേ നമ്പരില്‍ പുറമ്പോക്ക് ഭൂമി ദിലീപ് കയ്യേറി മറിച്ചു വിറ്റെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് കോട്ടയം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി.