പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാവില്ല: കോടതി

single-img
28 July 2017

ന്യൂഡല്‍ഹി: ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം നടക്കുകയും പിന്നീട് ബന്ധം തകരുമ്പോള്‍ പീഡിപ്പിച്ചു എന്ന പരാതി ഉയര്‍ത്തുകയും ചെയ്യുന്ന പ്രവണത സ്ത്രീകളിലുണ്ടെന്നും കോടതി നിരീക്ഷിച്ച പശ്ചാത്തലത്തിലാണിത്. ഭര്‍ത്താവിനെതിരെ 29 കാരി നല്‍കിയ ഗാര്‍ഹിക പീഡനപരാതിയില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് കോടതി വാദം ഉയര്‍ത്തിയത്.

വിവാഹിതരാകുന്നതിനു മുമ്പ് ബലാത്സംഗം ചെയ്തുവെന്ന് കാണിച്ചാണ് യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. ഇരുവരും സ്വന്തം ഇഷ്ടപ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ചില കാരണങ്ങളാല്‍ ബന്ധം തകര്‍ന്നപ്പോള്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ യുവതി നിയമത്തെ ആയുധമാക്കിയെന്നും ജസ്റ്റിസ് പ്രതിഭാ റാണി നിരീക്ഷിച്ചു.

ബലാത്സംഗത്തിനും പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിനും വ്യത്യാസമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മയക്കുമരുന്നു കലര്‍ത്തിയ പാനീയം നല്‍കിയാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി ഉയര്‍ത്തിയ ആരോപണം കീഴ്‌ക്കോടതി തള്ളിയിരുന്നു. എന്നാല്‍ വിചാരണവേളയില്‍ യുവതി ഭര്‍ത്താവിനെതിരെ ആരോപണങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല.