ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചു; കുമ്മനത്തിന്റെ കാര്‍ തകര്‍ത്തു

single-img
28 July 2017


തിരുവനന്തപുരം: ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മൂന്നു ബൈക്കുകളിലായാണ് ആക്രമികള്‍ എത്തിയത്. കുമ്മനം രാജശേഖരന്റേതടക്കം ആറു വാഹനങ്ങള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. ഈ സമയം സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഓഫീസിലുണ്ടായിരുന്നു.

ഓഫീസിനു മുന്നില്‍ മ്യൂസിയം എസ്‌ഐ അടക്കം അഞ്ചുപേര്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു സിവില്‍ പൊലീസ് ഓഫീസര്‍ മാത്രമാണ് അക്രമികളെ തടയാന്‍ ശ്രമിച്ചത്. അക്രമികള്‍ വന്ന ബൈക്കിന്റെ നമ്പര്‍ ശേഖരിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിച്ചു. ഈ സമയം മറ്റ് പൊലീസുകാര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. പതിനഞ്ചു മിനുറ്റോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികള്‍ മടങ്ങിയതെന്നു ബിജെപി നേതാക്കള്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷനെ ലക്ഷ്യം വെച്ച് ഇത് രണ്ടാം തവണയാണ് സംസ്ഥാന ഓഫീസിനു നേരെ അക്രമം നടക്കുന്നതെന്നു നേതാക്കള്‍ പറഞ്ഞു.

ഐ.പി. ബിനു, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രജിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നു ബിജെപി ആരോപിച്ചു.
സംഭവം അറിഞ്ഞ് സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, കന്റോണ്‍മെന്റ് അസി. കമ്മിഷണല്‍ കെ.ഇ. ബൈജു എന്നിവര്‍ സ്ഥലത്തെത്തി.