ബിജെപി സംസ്ഥാന ഓഫീസ് ആക്രമണം: സിപിഎം കൗണ്‍സിലര്‍ ഐപി ബിനു പോലീസ് കസ്റ്റഡിയില്‍

single-img
28 July 2017

ബിജെപി സംസ്ഥാന ഓഫീസ് ആക്രമണ കേസില്‍ സിപിഎം കൗണ്‍സിലര്‍ ഐ.പി ബിനു അടക്കം നാലുപേര്‍ പിടിയിലായി. എസ്എഫ്‌ഐ നേതാവ് പ്രതിന്‍ രാജ് കൃഷ്ണയും കസ്റ്റഡിയില്‍ എടുത്തവരില്‍ ഉള്‍പ്പെടുന്നു. കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററിന് സമീപത്തുനിന്നാണ് പോലീസ് ഇവരെ പിടികൂടിയത്.

അക്രമത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഐ.പി ബിനുവിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിക്കപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളില്‍ ബിനുവിനെയും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രജിന്‍സാജ് കൃഷ്ണയുടെയും മുഖം വ്യക്തമായിരുന്നു.

ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു ബിനു ഉള്‍പ്പെട്ട സംഘം ബിജെപി ഓഫീസ് അക്രമിച്ചത്. പോലീസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. കയ്യില്‍ വടിയുമായി നമ്പര്‍ പ്ലേറ്റ് മറച്ച ബൈക്കിലെത്തിയ സംഘം പോലീസ് നോക്കി നില്‍ക്കെ ഓഫീസ് അക്രമിച്ച് ജനല്‍ ചില്ലുകളും വാഹനങ്ങളും അടിച്ച് തകര്‍ക്കുകയായിരുന്നു.

പൊലീസുകാരനെ അക്രമിക്കുന്ന ദൃശ്യങ്ങളും സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ഐപി ബിനു നേരത്തെ രംഗത്തെത്തിയിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ തന്റെ വീടും പാവപ്പെട്ട സഖാക്കളുടെ വീടും അടിച്ചുതകര്‍ത്തതിലുള്ള സ്വാഭാവികപ്രതികരണം മാത്രമായിരുന്നു ബിജെപി ഓഫീസ് ആക്രമണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.