വാര്‍ത്തകള്‍ വ്യാജം: അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായിട്ടില്ല

single-img
28 July 2017

ദുബൈ: ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ദുബായ് കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ച് ദുബായ് ജയിലില്‍ കഴിയുന്ന പ്രമുഖ പ്രവാസി മലയാളി ബിസിനസ്സുകാരന്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍. അറ്റ്‌ലസ് രാമചന്ദ്രന്‍ ഉടന്‍ ജയില്‍ മോചിതനായി എന്ന തരത്തില്‍ വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

എന്നാല്‍ വാര്‍ത്തകള്‍ തെറ്റാണെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും, ജയില്‍ മോചിതനായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ജയില്‍ മോചിതനായാല്‍ ബാങ്കുമായുള്ള കട ബാധ്യതകള്‍ തീര്‍ക്കാനാകുമെന്നാണ് രാമചന്ദ്രന്‍ പറയുന്നത്. മസ്‌കറ്റിലെ ആശുപത്രി വിറ്റ പണം കൈവശമുണ്ട്. അത് കടം വീട്ടാനുപയോഗിക്കാം. ബിആര്‍ ഷെട്ടിയാണ് ആശുപത്രി വാങ്ങിയത്.

രാമചന്ദ്രന്റെ ഭാര്യമാത്രമാണ് ഇപ്പോള്‍ പുറത്തുള്ളത്. ഒരു മകളും ഭര്‍ത്താവും ജയിലിലാണ്. 22 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇതില്‍ 19 ബാങ്കുകള്‍ സമവായത്തിന് തയ്യാറായിട്ടുണ്ട്. മൂന്ന് ബാങ്കുകളും കൂടി സമവായത്തിന് തയ്യാറാവാനുണ്ട്. രാമചന്ദ്രന്റെ അഭിഭാഷകര്‍ ഇവരുമായി ചര്‍ച്ച നടത്തുന്നുണ്ട്. മൂന്ന് ബാങ്കുകള്‍ കൂടി സമ്മതിച്ചാല്‍ അറ്റ്‌ലസ് രാമചന്ദ്രന് ഏതു നിമിഷവും പുറത്തുവരാനാകുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

വ്യാപാരാവശ്യങ്ങള്‍ക്കായി യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാതെ കബളിപ്പിച്ചെന്ന കേസില്‍ 2015 ഓഗസ്റ്റ് 23 നാണ് അറ്റ്‌ലസ് രാമചന്ദ്രനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. 34 മില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയിരുന്നു. മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ദുബൈ കോടതി വിധിച്ചത്.
1990 ലെ കുവൈത്ത് യുദ്ധകാലത്ത് പ്രതിസന്ധിക്ക് ശേഷം അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് വളര്‍ത്തുകയായിരുന്നു.

3.5 ബില്യണ്‍ ദിര്‍ഹമായിരുന്നു അറ്റ്‌ലസ് ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റുവരവ്. സാമ്പത്തിക പ്രതിസന്ധിയിലായാതോടെ യു.എ.ഇയിലെ 19 ശാഖകള്‍ക്ക് പുറമേ ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, കുവൈത്ത്, ദോഹ, മസ്‌കറ്റ് എന്നിവിടങ്ങളിലെ ശാഖകളെല്ലാം അടക്കണ്ടി വന്നു. മറ്റൊരു ചെക്ക് കേസില്‍ രാമചന്ദ്രന്റെ മകളും മരുമകനും ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.