അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് ഭിന്നലിംഗക്കാരെ ഒഴിവാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം

single-img
27 July 2017

അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് ഭിന്നലിംഗക്കാരെ ഒഴിവാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധം. ടൈംസ്‌ക്വയറിലുള്ള യുഎസ് കരസേനാ റിക്രൂട്ടിങ്ങ് സ്‌റ്റേഷനു മുമ്പാകെ നൂറോളം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ട്രംപിന്റെ പുതിയ തീരുമാനത്തെ എതിര്‍ക്കുന്നതായും ഭിന്നലിംഗക്കാരെ സൈന്യത്തില്‍ നിന്ന് ഒഴിവാക്കുന്ന നീക്കത്തില്‍ അപലപിക്കുന്നതായും പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. മതഭ്രാന്താണ് ഭിന്നലിംഗക്കാരെ ഒഴിവാക്കുന്നതിന് പിന്നിലെന്നും അവര്‍ ആരോപിച്ചു.

ഭിന്നലിംഗത്തില്‍പ്പെട്ട സൈനികര്‍ക്ക് ആരോഗ്യ പരിരക്ഷക്കായി അധിക പണം ചെലവാക്കേണ്ടി വരുന്നുവെന്ന വാദത്തെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്നും ഒഴിവാക്കുന്നത് സംബന്ധിച്ച് സൈനിക മേധാവികളുമായി ചര്‍ച്ച നടത്തിയിരുന്നതായും ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, സൈന്യത്തിലുള്ള പതിനായിരക്കണക്കിന് ഭിന്നലിംഗക്കാരെ ട്രംപിന്റെ ഈ തീരുമാനം ബാധിക്കും. ഭിന്നലിംഗക്കാര്‍ക്ക് അനുകൂലമായ തീരുമാനം ഒബാമ നേരത്തെ കൈക്കൊണ്ടിരുന്നു. ഈ തീരുമാനത്തെ അട്ടിമറിച്ചാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനം. കര, നാവിക, മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നലിംഗക്കാര്‍ ഈ തീരുമാനത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. ട്രംപിന്റെ ഉത്തരവിനെതിരെ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പുയരുന്നുണ്ട്.