ട്രംപ് ഉത്തരവിട്ടാല്‍ ചൈനയ്‌ക്കെതിരെ ആണവാക്രമണം നടത്തും: യുഎസ് കമാന്‍ഡര്‍

single-img
27 July 2017

കാന്‍ബറ: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടാല്‍ ഒട്ടും മടിക്കാതെ ചൈനയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് യുഎസ് പസഫിക് ഫ്‌ലീറ്റ് കമാന്‍ഡര്‍ അഡ്മിറല്‍ സ്‌കോട്ട് സ്വിഫ്റ്റ്. ഓസ്‌ട്രേലിയന്‍ നാഷ്ണല്‍ യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓസ്‌ട്രേലിയന്‍ കടലില്‍ അമേരിക്കയും ഓസ്‌ട്രേലിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തോട് അനുബന്ധിച്ചാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. ഭരണഘടനയെ എതിര്‍ക്കുന്ന വിദേശ, പ്രാദേശിക ശത്രുക്കള്‍ക്കെതിരെ പോരാടുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും യുഎസ് കമാന്‍ഡര്‍ ഇന്‍ ചീഫായ പ്രസിഡന്റിനെയും അനുസരിക്കുമെന്നതാണ് എല്ലാ സൈനികരുമെടുക്കുന്ന പ്രതിജ്ഞ.

അമേരിക്കന്‍ ജനാധിപത്യത്തിന്റെ കാതല്‍ ഇതാണ്. ലക്ഷ്യത്തില്‍ നിന്ന് വഴിമാറിയും ജനത്തോടുള്ള കടമ മറന്നുപ്രവര്‍ത്തിക്കുന്ന സേനയാണുള്ളതെങ്കില്‍ നാം അഭിമുഖീകരിക്കുന്നത് ഗൗരവകരമായ പ്രശ്‌നമാണെന്നും സ്‌കോട്ട് പറഞ്ഞു. യുഎസ്എസ് റോണാള്‍ഡ് റീഗനടക്കമുള്ള 36 യുദ്ധക്കപ്പലുകള്‍, 220 വിമാനങ്ങള്‍, 33,000 സൈനികര്‍ എന്നിവയാണ് ബിനിയല്‍ താലിസ്മാന്‍ സബര്‍ എക്‌സര്‍സൈസില്‍ പങ്കെടുക്കുന്നത്. ചൈനീസ് നാവികസേന ഈ സൈനികാഭ്യാസം സൂക്ഷമമായി വിലയിരുത്തികൊണ്ടിരിക്കുകയാണ്.