സംഘര്‍ഷാവസ്ഥ: നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും

single-img
27 July 2017

തിരുവനന്തപുരം: നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളില്‍ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും. എം വിന്‍സെന്റ് എംഎല്‍എയുടെ അറസ്റ്റിനെ തുടര്‍ന്ന് പ്രദേശത്ത് എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്.

സംഘര്‍ഷാവസ്ഥ പരിഗണിച്ച് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ പോലീസ് ജില്ലാ കളക്ടറോട് ശുപാര്‍ശ ചെയ്തു. ഇന്നുതന്നെ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നാണ് വിവരം. വിന്‍സെന്റ് എംഎല്‍എയെ അനുകൂലിച്ചും പ്രതികൂലിച്ചും സമരം നടത്തിയവര്‍ കഴിഞ്ഞ ദിവസം ബാലരാമപുരത്ത് ഏറ്റുമുട്ടിയിരുന്നു.

തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. കല്ലേറില്‍ ഇരു വിഭാഗങ്ങളിലെയും നാല് എസ്‌ഐമാരടക്കം 50ഓളം പേര്‍ക്ക് പരിക്കേറ്റു.വിന്‍സെന്റ് എംഎല്‍എ രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇന്ന് എംഎല്‍എയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.