നടി ആക്രമിക്കപ്പെട്ട കേസ്: മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ അന്വേഷണം

single-img
27 July 2017

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ അന്വേഷണം. നടിയെ കുറിച്ചുള്ള മോശം പരാമര്‍ശത്തിനാണ് അന്വേഷണം. സ്ത്രീ കൂട്ടായ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കേസിന്റെ ചുമതലയുള്ള എഡിജിപി ബി. സന്ധ്യയ്ക്കാണ് അന്വേഷണ ചുമതല.

നടിക്കെതിരെ മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ മോശം പരാമര്‍ശം നടത്തിയതായി സമകാലിക മലയാളം വാരിക പത്രാധിപര്‍ വെളിപ്പെടുത്തിയിരുന്നു. അഭിമുഖത്തിനിടെ സെന്‍കുമാറിന് വന്ന ഒരു ഫോണ്‍കോളില്‍ നടിയെക്കുറിച്ച് മോശമായി സംസാരിച്ചെന്നും എന്നാല്‍ തങ്ങളുടെ ലേഖകനോട് പറഞ്ഞ കാര്യമല്ലാത്തതിനാല്‍ അത് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പത്രാധിപര്‍ ഡിജിപിക്ക് വിശദീകരണം നല്‍കിയിരുന്നു.

അഭിമുഖത്തിനിടെ ഇടയ്ക്കിടെ സെന്‍കുമാറിന് ഫോണ്‍ കോളുകള്‍ വന്നിരുന്നു. അതില്‍ ഒരു ഫോണ്‍ സംഭാഷണത്തിലാണ് നടിയെക്കുറിച്ച് മോശമായ രീതിയില്‍ സംസാരിച്ചത്. ഈ സംഭാഷണവും അഭിമുഖം റെക്കോര്‍ഡ് ചെയ്തതിനൊപ്പമുണ്ടെന്നും അത് തെളിവായി സമര്‍പ്പിക്കാമെന്നും പത്രാധിപര്‍ പറഞ്ഞിരുന്നു.

വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് സെന്‍കുമാറിന്റെ പരാതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് പത്രാധിപര്‍ സജി ജയിംസ് സെന്‍കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുള്ള കത്ത് ഡിജിപിക്ക് കൈമാറിയത്. ഇതേത്തുടര്‍ന്ന് സെന്‍കുമാറിനെതിരെ എഡിജിപി ബി സന്ധ്യ രഹസ്യ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.

ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ അടങ്ങുന്നതാണ് എഡിജിപി ബി സന്ധ്യ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതേതുടര്‍ന്ന് സ്ത്രീകൂട്ടായ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കേസന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.