ദിലീപുമായി സാമ്പത്തിക ഇടപാടില്ലെന്ന് റിമി ടോമി: പോലീസ് ഫോണിലൂടെ ചില കാര്യങ്ങള്‍ ആരായുക മാത്രമാണ് ചെയ്തത്

single-img
27 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് അന്വേഷണ സംഘം. റിമി ടോമിയില്‍ നിന്ന് ചില കാര്യങ്ങള്‍ ഫോണിലൂടെ ആരായുക മാത്രമാണ് ചെയ്തത് എന്നും പോലീസ് വ്യക്തമാക്കി.

അതേസമയം ഇക്കാര്യത്തില്‍ വിശദീകരണവുമായി റിമി ടോമിയും രംഗത്ത് എത്തി. തനിക്ക് ദിലീപുമായി ബിസിനസ് പാര്‍ട്‌നര്‍ഷിപ്പോ ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടോ ഇല്ല.

സാമ്പത്തിക ഇടപാടുണ്ടെങ്കില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയേനെ. രണ്ടു കൊല്ലം മുന്‍പ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെത്തുടര്‍ന്ന് കുറച്ചു നികുതി അടയ്‌ക്കേണ്ടി വന്നു. അതേയുണ്ടായിട്ടുള്ളൂ. അല്ലാതെ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വരികയോ മറ്റോ ചെയ്തിട്ടില്ല.

2010ലും 2017ലും താരങ്ങള്‍ യുഎസില്‍ നടത്തിയ പരിപാടിയില്‍ താനും ഉണ്ടായിരുന്നു. അതേക്കുറിച്ചും ഷോയില്‍ ആരൊക്കെയുണ്ടായിരുന്നുവെന്നും തുടങ്ങിയ കാര്യങ്ങളാണു പൊലീസ് ചോദിച്ചത് എന്ന് റിമി പറഞ്ഞു. തനിക്കു വിദേശയാത്ര ചെയ്യുന്നതിനോ മറ്റോ യാതൊരു തടസ്സവുമില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ടെന്നും റിമി വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട വിവരം ടിവി ചാനലുകളില്‍നിന്നാണ് അറിയുന്നത്. അറിഞ്ഞയുടനെ കാവ്യമാധവനെ ഫോണ്‍ ചെയ്തിരുന്നു. ഇരയായ പെണ്‍കുട്ടിക്കു മെസേജ് അയച്ചു. താനും ആ പെണ്‍കുട്ടിയും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. അത്തരം വാര്‍ത്തകള്‍ തെറ്റാണ്. പിന്നീട് വിഷയത്തില്‍ രമ്യയുമായും സംസാരിച്ചിരുന്നുവെന്നും റിമി പറഞ്ഞു.