ഇന്ധനവില കൂടിയും കുറഞ്ഞും: നിലനില്‍പ്പ് ഭയന്ന് ചെറുകിട പമ്പുടമകള്‍ സമരത്തിലേക്ക്

single-img
27 July 2017

ഹരി നാരായണന്‍

ഇന്നത്തെ ഇന്ധനവില എത്രയാണെന്നറിയാമോ. നിങ്ങള്‍ തിരക്കിട്ട് പമ്പിലെത്തി വാഹനങ്ങളില്‍ ഇന്ധനം നിറക്കുന്നതിനിടയില്‍ എപ്പോഴെങ്കിലും മീറ്ററിലേക്ക് ശ്രദ്ധിച്ചിട്ടുണ്ടോ. കുടിവെള്ളത്തെക്കാള്‍ വില ക്രൂഡ് ഓയിലിന് ലോക വിപണിയില്‍ കുറവായിരുന്നിട്ടും ഇന്ത്യയില്‍പെട്രോളിനും ഡീസലിനും വില കുറയാത്ത അവസ്ഥയായിരുന്നു. പക്ഷെ ഇന്നു സ്ഥിതി മാറി. കൂടിയും കുറഞ്ഞുമൊക്കെ ഇന്ധനവില മാറി മാറിയുകയാണ് വിപണിയില്‍.

ഈ മാറ്റം ബാധിച്ചിരിക്കുന്നത് ഇതില്‍ നിന്നും ലാഭം കൊയ്യുന്ന റിലയന്‍സ്, ഭാരത് പെട്രോളിയം പോലുള്ള വലിയ കമ്പനികളെ അല്ല. മറിച്ച് ചെറുകിട പമ്പുടമകളെയാണ്. കണക്കുകള്‍ പരിശോധിച്ചാല്‍ ജൂണ്‍മാസം 15ാം തീയതി മുതല്‍ പ്രാബല്യത്തില്‍ വന്ന ദൈനംദിന എണ്ണവിലയിലുള്ള മാറ്റം ചെറുകിട പമ്പുകളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചുവെന്ന് തന്നെ പറയാം.

ആഭ്യന്തര വിപണിയില്‍ ദിനം പ്രതി എണ്ണ വിലയിലുണ്ടാകുന്ന മാറ്റം താങ്ങാനാകാത്ത അവസ്ഥയിലാണ് ചെറുകിട പമ്പുടമകള്‍. ഇന്ധനവില കൂടുകയോ കുറയുകയോ ചെയ്യുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ജൂണ്‍ 15 ന് പെട്രോള്‍ വില 71.8 രൂപയും ഡീസല്‍ വില 61.09 രൂപയുമായിരുന്നെങ്കില്‍ ഇന്നിത് താഴ്ന്ന് 68.38 രൂപയിലും, 59.93 രൂപയിലും എത്തിയിരിക്കുന്നു.

ഇത്തരത്തില്‍ ഇന്ധനവില കുറയുന്നത് ചെറുകിട പമ്പുകളെ നഷ്ടത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. വില്‍പ്പനയില്‍ ലാഭം നേടാനാകാത്ത സാഹചര്യം നിലവിലുള്ളതിനാല്‍ പല പമ്പുകളും ഇപ്പോള്‍ അടച്ചിടേണ്ട അവസ്ഥയിലാണ്. മുമ്പൊക്കെ 15, 30 തീയതികളിലായിരുന്നു ഇന്ധനവിലയില്‍ മാറ്റം വന്നിരുന്നത്. ഈ സാഹചര്യത്തില്‍ വിപണിയിലെ ക്രൂഡ് ഓയില്‍ നിരക്ക് കൂടുന്നതോ കുറയുന്നതോ മുന്‍കൂട്ടി മനസ്സിലാക്കി ഇന്ധനം സ്‌റ്റോക്ക് ചെയ്യാന്‍ ഡീലേഴ്‌സിന് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി മറിച്ചാണ്.

ദൈനംദിനം ഇന്ധനവില കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിനാല്‍ ഡീലേഴ്‌സിന് ഇന്ധനം സ്റ്റോക്ക് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. ലാഭമാണെങ്കിലും നഷ്ടമാണെങ്കിലും ഇവര്‍ തന്നെ സഹിക്കേണ്ടി വരുമെന്ന സാഹചര്യമാണിപ്പോള്‍ നിലവിലുള്ളതെന്ന് ഹൈവേ ഫ്യുയല്‍സ് മാനേജര്‍ സഞ്ജയ് ഈ വാര്‍ത്തയോട് പറഞ്ഞു.

ഇക്കാരണത്താലൊക്കെ തന്നെ ഭാവി സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ് ചെറുകിട പമ്പുടമകള്‍. ഈ സാഹചര്യത്തില്‍ ദൈനം ദിന ഇന്ധനവിലയില്‍ മാറ്റം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ്് പമ്പുടമകള്‍.