കോവളം കൊട്ടാരം രവിപിള്ളയ്ക്ക് കൈമാറാന്‍ മന്ത്രിസഭാ തീരുമാനം; ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തും

single-img
27 July 2017

തിരുവനന്തപുരം: കോവളം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തിക്കൊണ്ട് സ്വകാര്യ ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനമായി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. കൊട്ടാരവും അനുബന്ധ 64.5 ഏക്കര്‍ സ്ഥലവും രവി പിള്ള ഗ്രൂപ്പിന് കൈമാറാനാണ് തീരുമാനം.

ഇതുസംബന്ധിച്ച ടൂറിസം വകുപ്പിന്റെ നിര്‍ദ്ദേശം മന്ത്രിസഭ പരിഗണിക്കുകയായിരുന്നു. ഇതോടെ രവി പിള്ളയുടെ ബിസിനസ് ഗ്രൂപ്പുമായി വര്‍ഷങ്ങളായി നിലനിന്ന സിവില്‍ തര്‍ക്കത്തിനും താത്കാലിക പരിഹാരമായി. സിപിഐയുടെ എതിര്‍പ്പിനെ അവഗണിച്ചാണ് കൊട്ടാരം വിട്ടു നല്‍കിയത്.

ആയൂര്‍വേദ ചികിത്സയിലായതിനാല്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ റവന്യൂമന്ത്രി ചന്ദ്രശേഖരന്‍ പങ്കെടുത്തില്ല. സിപിഐ നേതാക്കളും കൈമാറ്റത്തെ പരസ്യമായി എതിര്‍ത്തിരുന്നു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരം ഹോട്ടലുടമകള്‍ക്ക് നല്‍കണമെന്ന ടൂറിസം വകുപ്പ് ശുപാര്‍ശ വന്നപ്പോള്‍തന്നെ റവന്യൂ വകുപ്പ് നിയമവകുപ്പിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും ഉപദേശം തേടിയിരുന്നു.

കൊട്ടാരത്തിന്റെ ഉടമസ്ഥതയ്ക്ക് വേണ്ടി സര്‍ക്കാര്‍ സിവില്‍കേസ് ഫയല്‍ ചെയ്യണമെന്നായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. എന്നാല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം കണക്കിലെടുക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടി. കൊട്ടാരം ഹോട്ടലുടമകള്‍ക്ക് വിട്ടുകൊടുക്കണമെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റ നിര്‍ദ്ദേശം.

ഇന്ത്യാ ടൂറിസം വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലായിരുന്ന കോവളം കൊട്ടാരവും ഭൂമിയും 2002ല്‍ കേന്ദ്രസര്‍ക്കാര്‍ വില്‍പ്പനയ്ക്കുവെച്ചപ്പോള്‍ ഗള്‍ഫാര്‍ ഗ്രൂപ്പ് 43.68 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. പിന്നീട് ലീലാ ഗ്രൂപ്പും തുടര്‍ന്ന് രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള ആര്‍.പി. ഗ്രൂപ്പും സ്വന്തമാക്കി.

2004ല്‍ സംസ്ഥാന സര്‍ക്കാര്‍ പൈതൃകസ്മാരകമായ കോവളം കൊട്ടാരവും ഭൂമിയും തിരികെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. കൊട്ടാരം ഏറ്റെടുത്തതിനു നിയമപരിരക്ഷ നല്‍കാന്‍ 2005ല്‍ കോവളം കൊട്ടാരം ഏറ്റെടുക്കല്‍ നിയമവും കൊണ്ടുവന്നു. ഇതോടെയാണ് നിയമപോരാട്ടം തുടങ്ങിയത്. 64.5 ഏക്കര്‍ ഭൂമിയും കൊട്ടാരവുമാണ് ഇവിടെയുള്ളത്.