“കേരളത്തില്‍ പെണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നു”

single-img
27 July 2017

കൊച്ചി. കേരളത്തില്‍ ലൈംഗികാതിക്രമത്തിനിരയാകുന്നവരില്‍ പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളെന്ന് പുതിയ റിപ്പോര്‍ട്ട്. 29.5 ശതമാനം ആണ്‍കുട്ടികളാണ് ഇത്തരത്തില്‍ രാത്രിയോ പകലോ എന്നില്ലാതെ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്നത്. പെണ്‍കുട്ടികളില്‍ 6.2 ശതമാനമാണ് ഇത്തരത്തില്‍ ലൈംഗിക ചൂഷണത്തിനിരയാകുന്നത്. അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് തൃശ്ശൂരില്‍ നടത്തിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് ശാസ്ത്രമാസികയായ എല്‍സെവീര്‍ പ്രസിദ്ധപ്പെടുത്തി.

കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ലൈംഗികാതിക്രമമടക്കം മോശം പെരുമാറ്റത്തിന് ഇരയാകുന്നത് കൂടുതലും ആണ്‍കുട്ടികളെങ്കിലും പുറത്തുവരുന്നതും സമൂഹമൊട്ടാകെ ചര്‍ച്ച ചെയ്യുന്നതും പെണ്‍കുട്ടികള്‍ക്ക് മേലുള്ള അതിക്രമങ്ങള്‍ മാത്രം. ആണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എന്തുകൊണ്ട് ചര്‍ച്ചയാവുന്നില്ല എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഒരുവര്‍ഷത്തിനിടെ 83.4 ശതമാനം ആണ്‍കുട്ടികള്‍ക്കുനേരേയും ശാരീരിക അതിക്രമമുണ്ടായി. പെണ്‍കുട്ടികള്‍ക്കിത് 61.7 ശതമാനമാണ്. തെരഞ്ഞെടുത്ത 6682 കുട്ടികളെ (4242 ആണും 2440 പെണ്ണും) ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാരാക്കിയത്. പരിശീലനം ലഭിച്ച അധ്യാപകരുടെയും മറ്റും സഹായത്തോടെ കുട്ടികളെ തിരിച്ചറിയാത്തവിധമായിരുന്നു ചോദ്യാവലി.

ഇത്രയധികം കുട്ടികള്‍ പങ്കാളികളായ സര്‍വേ മുന്‍പ് നടന്നിട്ടില്ല. ബ്രിട്ടനിലെ സ്റ്റാഫഡിലെ സെയ്ന്റ് ജോര്‍ജ്‌സ് ആശുപത്രിയിലെ ഡോ. മനോജ് കുമാര്‍ തേറയില്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ. സെബിന്ദ് കുമാര്‍, ബ്രിട്ടനിലെ വോള്‍വെര്‍ഹാംപ്ടണ്‍ സര്‍വകലാശാല മെന്റല്‍ ഹെല്‍ത്ത് വിഭാഗം മേധാവി ഡോ. സുരേന്ദ്ര് പി. സിങ്, വോള്‍വെര്‍ഹാംപ്ടണിലെ ബ്ലാക്ക് കണ്‍ട്രി പാര്‍ട്ട്ണര്‍ഷിപ്പ് എന്‍.എച്ച്.എസ്. ഫൗണ്ടേഷനിലെ നില്‍മാധബ് കാര്‍ എന്നിവരാണ് പഠനസംഘത്തിലുണ്ടായിരുന്ന വ്യക്തികള്‍. പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന സാമൂഹിക സുരക്ഷയും നിയമ സുരക്ഷയും ഇനി ആണ്‍കുട്ടികള്‍ക്കും നല്‍കിയേ മതിയാവുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.