ജെഡിയു സംസ്ഥാന ഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിഛേദിക്കുന്നു; ഇടതുമുന്നണിയിലേക്ക് തിരിച്ചുപോകും

single-img
27 July 2017


കേരളത്തില്‍ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു സംസ്ഥാന ഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിഛേദിക്കാന്‍ തീരുമാനിച്ചു. ഇതിനോടൊപ്പം മുന്നണി മാറ്റത്തിലൂടെ ഇടതുപക്ഷത്തിലേക്ക് തിരിച്ചു പോകാനും നീക്കമുണ്ട്. നിതീഷ് കുമാര്‍ ബി.ജെ.പിയുമായി അടുക്കുന്നതോടെ ഇനി ദേശീയ നേതൃത്വവുമായുള്ള ബന്ധം വേണ്ടെന്ന നിലപാടിലാണ് ജെ.ഡി.യു സംസ്ഥാന ഘടകം.

ദേശീയ നേതൃത്വവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതോടെ ജെ.ഡി.യു എന്ന പേര് മാറ്റാനും ആലോചനയുണ്ട്. സോഷ്യലിസ്‌ററ് ജനതയെന്ന പഴയ പേരില്‍ അറിയപ്പെടാനാണ് പാര്‍ട്ടി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്.

ഇടതു മുന്നണിയിലേക്ക് തന്നെയെന്ന തീരുമാനത്തില്‍ വീരേന്ദ്രകുമാറും അദ്ദേഹത്തെ പിന്തുണക്കുന്നവരും എത്തിച്ചേര്‍ന്നെന്നാണ് വിവരം. ദേശീയ നേതൃത്വത്തിന്റെ ചുവടു മാറ്റത്തിന് പിന്നാലെ വീരേന്ദ്രകുമാറും മുഖ്യമന്ത്രി പിണറായി വിജയനും ആശയവിനിമയം നടത്തിയെന്നാണ് അറിയുന്നത്.

ഭരണത്തില്‍ സഖ്യ കക്ഷിയായിരുന്ന ലാലു പ്രസാദിന്റെ ആര്‍ജെഡിയുമായുള്ള ബന്ധം കഴിഞ്ഞ ദിവസമാണ് നിതീഷിന്റെ നേതൃത്വത്തിലുള്ള ജെഡിയു വിഛേദിച്ചത്. ബിജെപി പിന്തുണയോടെ നിതീഷ് ഇന്ന് പുതിയതായി സത്യപ്രതിജ്ഞ ചെയ്യും.

അഴിമതിക്കേസില്‍ സിബിഐ പ്രതിയാക്കിയ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ തേജസ്വി യാദവിന്റെ രാജിയെ ചൊല്ലിയുള്ള തര്‍ക്കമാണ് മുന്നണി ബന്ധം ഉലയാന്‍ കാരണമായത്. നിതീഷിന്റെ അപ്രതീക്ഷിത നീക്കം 18 ചെറുപാര്‍ട്ടികളുടെ ഐക്യനീക്കത്തെയാണ് തകര്‍ത്തെറിഞ്ഞത്.

സഖ്യത്തിലെ അസ്വാരസ്യങ്ങള്‍ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമെല്ലാം ഇടപെട്ടിട്ടും പ്രശ്‌നം പരിഹരിക്കാനായിരുന്നില്ല.