ഹറമൈന്‍ ട്രെയിന്‍ പദ്ദതി; മദീന-ജിദ്ദ റൂട്ടില്‍ നടത്തിയ പരീക്ഷണയോട്ടം വിജയകരം

single-img
27 July 2017

ജിദ്ദ: മക്ക-മദീന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ പദ്ധതിയുടെ ഭാഗമായി മദീന-ജിദ്ദ റൂട്ടില്‍ ഹറമൈന്‍ ട്രെയിന്‍ പരീക്ഷണയോട്ടം നടത്തി. നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ ഇരു ഭാഗങ്ങളിലേക്കുമായി നടത്തിയ പരീക്ഷണയോട്ടം വിജയകരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

മണിക്കൂറില്‍ 25 മുതല്‍ 100 വരെ കിലോമീറ്റര്‍ വേഗതയിലോടുന്ന ട്രെയിന്‍ ഉച്ചക്ക് 12 മണിക്കാണ് ജിദ്ദയില്‍ നിന്നും യാത്ര ആരംഭിച്ചത്. ഉച്ചക്ക് 1.15 ന് ട്രെയിന്‍ റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയില്‍ എത്തി. റാബിഗില്‍ അരമണിക്കൂര്‍ ചെലവഴിച്ച ശേഷം മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ മദീനയിലേക്ക് യാത്ര തിരിച്ചു. രണ്ടു മണിക്കൂറെടുത്ത് ട്രെയിന്‍ മദീന സ്റ്റേഷനിലെത്തി.

മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, ഗതാഗത മന്ത്രി സുലൈമാന്‍ അല്‍ഹംദാന്‍, സൗദി റെയില്‍വെയ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഡോ.റുമൈഹ് അല്‍റുമൈഹ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ജിദ്ദയില്‍ നിന്നും പരീക്ഷണ ഓട്ടം തുടങ്ങിയത്.

മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍, റെയില്‍ പദ്ധതി നടപ്പാക്കുന്ന കമ്പനിയുടെ മുതിര്‍ന്ന ഉദേൃാഗസ്ഥര്‍, വിവിധ മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയ 250ഓളം പേര്‍ പരീക്ഷണ ഓട്ടത്തില്‍ പങ്കെടുത്തു.