ഗുജറാത്തിലെ വെള്ളപ്പൊക്കത്തില്‍ ഒരു കുടുംബത്തിലെ 17 പേര്‍ മരിച്ചു: മരണസംഖ്യ 111 ആയി

single-img
27 July 2017

അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്‌കന്ദ ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു കുടുംബത്തിലെ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വെള്ളം ഇറങ്ങിയപ്പോഴാണ് ജഡം കണ്ടെത്തിയത്. ചെളിയില്‍ പൂഴ്ന്ന നിലയിലായിരുന്നു ജഡങ്ങള്‍. ദിവസങ്ങളായുള്ള മഴയിലും വെള്ളപ്പൊക്കത്തിലുമായി ഇതുവരെ 111 പേര്‍ മരിച്ചു. നാല്‍പത്തി ആറായിരം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. അടിയന്തര സഹായമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി 500 കോടി പ്രഖ്യാപിച്ചു.

മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും ഗുരുതരമായ പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും നല്‍കും. മൂന്നുദിവസമായി കനത്ത മഴ തുടരുന്ന വടക്കന്‍ ഗുജറാത്തില്‍ ഇരുപതിനായിരത്തിലേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തുടര്‍ച്ചയായ മഴയും രാജസ്ഥാനിലെ അണക്കെട്ടുകള്‍ തുറന്നതുമാണ് സ്ഥിതി രൂക്ഷമാക്കിയത്. പ്രളയസമാനമായ സ്ഥിതിയുള്ള ബനസ്‌കന്ധയില്‍ രണ്ടുലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. 38 അണക്കെട്ടുകള്‍ പരമാവധി സംഭരണശേഷിയിലാണ്.

ഉത്തര ഗുജറാത്തിലെ ധരോയി സംഭരണി തുറന്നതിനാല്‍ അഹമ്മദാബാദ് നഗരത്തിലൂടെ ഒഴുകുന്ന സബര്‍മതി നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് അടുത്തെത്തി. ഗുജറാത്തിന് പുറമെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലാണ്.