“ടെന്‍ഷനടിച്ച് ദിലീപ്: കാവ്യയെ ചോദ്യം ചെയ്തതോടെ ഊണും ഉറക്കവും കുറഞ്ഞു”

single-img
27 July 2017

കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യാമാധവനെ ചോദ്യം ചെയ്തതറിഞ്ഞ് ദിലീപ് കടുത്ത ടെന്‍ഷനിലെന്ന് റിപ്പോര്‍ട്ടുകള്‍. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ചിലരില്‍ നിന്നാണ് കാവ്യയെയും അമ്മ ശ്യാമളെയും ചോദ്യം ചെയ്ത വിവരം ദിലീപ് അറിഞ്ഞത്.

ഇവരെ അറസ്റ്റ് ചെയ്യുമെന്ന വാര്‍ത്തകളും പരന്നിരുന്നു. ഇതോടെ ദിലീപ് ആകെ തളര്‍ന്നെന്നും ഭയത്തോടെ കാവ്യയെ അറസ്റ്റ് ചെയ്യുമോയെന്ന് ചോദിച്ചു എന്നുമാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍. ഉറക്കം നഷ്ടപ്പെട്ട താരം ഭക്ഷണം കൃത്യമായി കഴിക്കുന്നില്ലെന്നും ജയില്‍ അധികൃതരെ ഉദ്ദരിച്ചുകൊണ്ട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിലീപ് അനുഭവിക്കുന്ന അമിത മാനസിക സംഘര്‍ഷം ജയില്‍ വാര്‍ഡന്‍മാര്‍ ജയില്‍ സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ടെന്നും തുടര്‍ന്ന് മധ്യമേഖലാ ഡിഐജി ദിലീപിനെ ഉടന്‍ കൗണ്‍സിലിംഗിന് വിധേയനാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ പറയുന്നു. വെള്ളിയാഴ്ച ദിലീപിനെ കൗണ്‍സിലിംഗിന് വിധേയനാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍ ജാമ്യം ലഭിക്കാത്തതും, കാവ്യയെ ചോദ്യം ചെയ്യുന്നതും അകത്ത് കിടക്കുമ്പോള്‍ തനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന ചിന്തയില്‍ ജയിലില്‍ നിന്ന് എങ്ങനെയും പുറത്ത് വരാനുള്ള ദിലീപിന്റെ അവസാന അടവാണിതെന്ന രീതിയിലും വിവരങ്ങളുണ്ട്. ജയിലിനുള്ളിലുള്ളവര്‍ തന്നെയാണ് ഇത്തരത്തില്‍ ബുദ്ധി ഉപദേശിച്ചതിനു പിന്നിലെന്നുമാണ് ലഭിക്കുന്ന സൂചനകള്‍.

ഇപ്പോള്‍ അഴിയ്ക്കുള്ളില്‍ കഴിയുന്ന ദിലീപ് ഇനി ആശുപത്രിയിലേക്ക് മാറിയാല്‍ കൂടുതല്‍ പരിഗണന ലഭിക്കാനും നിലവിലെ അന്വേഷണത്തിന് തടസമാകാനും കാരണമാകും. ഇക്കാരണങ്ങള്‍ ഒക്കെയാകാം ദിലീപിന്റെ ഇപ്പോഴുള്ള അഭിനയത്തിന് പിന്നിലെന്നും കരുതുന്നുണ്ട്.

അതേസമയം, ജയിലില്‍ ദിലീപിന് വിഐപി പരിഗണന കിട്ടുന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മറ്റു തടവുകാര്‍ ഭക്ഷണം കഴിച്ചു സെല്ലിനുള്ളില്‍ കയറിയശേഷം, ജയില്‍ ജീവനക്കാര്‍ക്കു തയ്യാറാക്കുന്ന പ്രത്യേക ഭക്ഷണം അടുക്കളയിലെത്തി കഴിക്കാന്‍ ദിലീപിന് അനുവാദം നല്‍കിയിരുന്നു. കൂടാതെ തുണി അലക്കല്‍, പാത്രം കഴുകല്‍, ശുചിമുറി വൃത്തിയാക്കല്‍ തുടങ്ങിയവക്ക് സഹായിയെയും ഏര്‍പ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് നിര്‍ദ്ദേശം.