ചിത്രയെ ഒഴിവാക്കിയത് എന്തിന്?: കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

single-img
27 July 2017

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പി.യു ചിത്രയ്ക്ക് അവസരം നിഷേധിച്ചതില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. അത്‌ലറ്റിക് ഫെഡറേഷന്റെ അധികാരത്തെ സംബന്ധിച്ചും വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കായികഫെഡറേഷനുകളുടെ പ്രവര്‍ത്തനഫണ്ട് എവിടെനിന്നെന്ന് കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിന് കായികസംഘടനകളില്‍ ഇടപെടാന്‍ കഴിയുമോയെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ചിത്രയെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് പരിശീലകന്‍ എന്‍.എസ്.സിജിന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് വെള്ളിയാഴ്ച കേന്ദ്രം നല്‍കുന്ന മറുപടി പരിശോധിച്ച ശേഷം ഹര്‍ജിയില്‍ ഇടക്കാല വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. കേസ് വീണ്ടും നാളെ പരിഗണിക്കും.

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന്റെ താരം പി.യു ചിത്രയ്ക്ക് യോഗ്യത നേടാനായില്ലെന്ന് അത്‌ലറ്റിക്ക് ഫെഡറേഷന്‍ അറിയിച്ചിരുന്നു. ചിത്ര ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയത് യോഗ്യതയായി പരിഗണിക്കാനാവില്ല എന്നു ചൂണ്ടിക്കാട്ടി കേന്ദ്ര കായിക മന്ത്രാലയത്തിനാണ് അത്‌ലറ്റിക് ഫെഡറേഷന്‍ കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയത്.

ലോക അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ നിന്നും ചിത്രയെ ഒഴിവാക്കിയ നടപടിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രയുടെ പ്രകടനത്തില്‍ സ്ഥിരതയില്ലെന്നാണ് പി.ടി ഉഷ ഇതിന് നല്‍കിയ വിശദീകരണം. നിരീക്ഷകയെന്ന നിലയില്‍ പി.ടി ഉഷ പങ്കെടുത്ത യോഗത്തിലാണ് ചിത്രയടക്കമുളള താരങ്ങളെ ഒഴിവാക്കിയുളള തീരുമാനം വന്നത്.