ബിജെപി പിന്തുണയോടെ നിതീഷ് വീണ്ടും അധികാരത്തില്‍: സുശീല്‍ മോദി ഉപമുഖ്യമന്ത്രി

single-img
27 July 2017

പാറ്റ്‌ന: ബിഹാറില്‍ ബിജെപിയുടെ പിന്തുണയോടെ ജനതാദള്‍ യു നേതാവ് നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബിഹാറിലെ മഹാസഖ്യം പിളര്‍ത്തിയാണ് നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലേറിയത്. സുശീല്‍ കുമാര്‍ മോദിയാണ് ഉപമുഖ്യമന്ത്രി. ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി സത്യവാചകം ചൊല്ലിക്കൊടുത്തു. ഭൂരിപക്ഷം തെളിയിക്കാന്‍ നിതീഷ് കുമാറിന് രണ്ടു ദിവസത്തെ സമയം ഗവര്‍ണര്‍ അനുവദിച്ചു.

ഇന്ന് പുലര്‍ച്ചെ വരെ നീണ്ട രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖരെ സാക്ഷി നിര്‍ത്തിയായിരുന്നു ഒരിക്കല്‍ ഉപേക്ഷിച്ച ബിജെപി ബന്ധം നിതീഷ് വീണ്ടും ഊട്ടിയുറപ്പിച്ചത്. മഹാസഖ്യബന്ധം വിച്ഛേദിച്ച് 24 മണിക്കൂര്‍ പിന്നിടുന്നതിന് മുന്‍പ് ബിജെപിയുടെ പിന്തുണയോടെ നിതീഷ് അധികാരത്തിന്റെ അമരക്കാരനായി മാറി എന്ന പ്രത്യേകതയുമുണ്ട്.

ബിജെപിക്ക് കൂടി പ്രാധാന്യം നല്‍കിക്കൊണ്ടാണ് പുതിയ മന്ത്രിസഭയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. ബിജെപിയില്‍ നിന്ന് 14 മന്ത്രിമാര്‍ ഉണ്ടാകും. ബിഹാര്‍ നിയമസഭയില്‍ 77 അംഗങ്ങളുള്ള ആര്‍ജെഡി രണ്ടാമത്തെ കക്ഷിയാണ്. 53 അംഗങ്ങളുടെ ബിജെപിയുടെ പിന്തുണയോടെ സഖ്യത്തിന്റെ അംഗബലം 132 ആയി. കേവലഭൂരിപക്ഷത്തിന് 122 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.

അഴിമതിയാരോപണ വിധേയനായ തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നു ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഉറച്ച നിലപാട് എടുത്തതോടെയാണു നിതീഷ് രാജിവച്ചത്. ബുധനാഴ്ച വൈകുന്നേരം ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. പിന്നാലെ ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്റ്‌റി ബോര്‍ഡ് നിതീഷ്‌കുമാറിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരണത്തിന് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ ആര്‍ജെഡി ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയെ കണ്ടെങ്കിലും ഫലം ഉണ്ടായില്ല. പുലര്‍ച്ചെ രണ്ടുമണിയോടെ തേജസ്വിയും പാര്‍ട്ടി എംഎല്‍എമാരും രാജ്ഭവനിലേക്കു മാര്‍ച്ച് നടത്തി. നിതീഷിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിനെതിരെ കോടതിയെ സമീപിക്കാനാണു തേജസ്വിയുടെ തീരുമാനം.

ബിജെപിയും ജെഡിയുവും മുന്‍കൂട്ടി തീരുമാനിച്ചത് അനുസരിച്ചുള്ള നടപടിയാണു നിതീഷിന്റെ രാജിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വൈകുന്നേരം അഞ്ചിനാണു സത്യപ്രതിജ്ഞയെന്ന് അറിയിച്ചശേഷം പിന്നെന്തിനു രാവിലെ 10 മണിക്കാക്കി? എല്ലാം മൂന്‍കൂട്ടി തീരുമാനിച്ചതാണ്. തനിക്കെതിരായ കേസുകള്‍ ബിജെപിയുടെ കൂടെപ്പോകാനായി ഒഴിവുകഴിവായി നിതീഷ് പറഞ്ഞതാണെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.