കൊലയാളി വ്യാപം വീണ്ടും: കേസിലെ പ്രതിയായ പ്രവീൺ യാദവ് ആത്മഹത്യ ചെയ്തു

single-img
26 July 2017

മധ്യപ്രദേശിലെ കുപ്രസിദ്ധമായ വ്യാപം കേസിൽ ദുരൂഹമരണങ്ങൾ തുടർക്കഥയാകുന്നു. കേസിലെ പ്രതിയായ പ്രവീൺ യാദവ് എന്നയാളെയാണു സ്വന്തം വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

മദ്ധ്യപ്രദേശിലെ സർക്കാർ നിയമനങ്ങളിലെയും മെഡിക്കൽ പ്രവേശനത്തിലെയും ഉന്നതതല അഴിമതിയുമായി ബന്ധപ്പെട്ട വ്യാപം കേസ് ദേശീയതലത്തിൽ ശ്രദ്ധ നേടിയ ഒന്നാണു.  ശിവരാജ് സിംഗ് ചൌഹാന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ വളരെയധികം പ്രതിസന്ധിയിലാക്കിയ വ്യാപം കേസുമായി നാൽപ്പതിലധികം ദുരൂഹമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ കേസിലെ പ്രതികളും സാക്ഷികളും അനേഷണ ഉദ്യോഗസ്ഥരും മുതൽ ഇതു റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർ വരെയുണ്ട്.

2012-ൽ പ്രത്യേക അന്വേഷണസംഘമാണു പ്രവീൺ യാദവിനെ വ്യാപം കേസിൽ പ്രതിചേർക്കുന്നത്. 32-വയസ്സുകാരനായ പ്രവീൺ യാദവ് 2008-ലെ പ്രീ മെഡിക്കൽ പരീക്ഷയിൽ വിജയിച്ചു പ്രവേശനം നേടിയതിൽ അഴിമതിയുണ്ടെന്നായിരുന്നു സി ബി ഐയുടെ കണ്ടെത്തൽ.

ഇന്നുരാവിലെ ഏഴുമണിക്കാണു ഇയാളെ മുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയതു. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. നാളെ ജബൽപ്പൂരിലെ പ്രത്യേക സി ബി ഐ കോടതിയിൽ ഹാജരാകേണ്ടതായിരുന്നു.