സിപിഎം കേന്ദ്രകമ്മിറ്റിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വിഎസ്: ‘പല കാര്യങ്ങളിലും വീഴ്ച സംഭവിക്കുന്നു’

single-img
26 July 2017

സിപിഎം കേന്ദ്രകമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍. പാര്‍ട്ടി നിലപാടുകള്‍ സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചു. മൂന്നാര്‍, പകര്‍ച്ചപ്പനി, സ്വാശ്രയം തുടങ്ങിയ വിഷയങ്ങള്‍ വേണ്ട ജാഗ്രതയോടെയല്ല കൈകാര്യം ചെയ്തതെന്നും കേന്ദ്രകമ്മിറ്റിയില്‍ വിഎസ് പറഞ്ഞു. മൂന്നാറില്‍ കൈയേറ്റക്കാര്‍ക്ക് അനുകൂല നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ നീക്കിയ നടപടികളിലും സര്‍ക്കാരിനു വീഴ്ച സംഭവിച്ചു. കൈയേറ്റ വിഷയങ്ങളില്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് സര്‍ക്കാര്‍ ഉയര്‍ന്നില്ല. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ കേന്ദ്ര നിലപാടുകള്‍ക്കു വിരുദ്ധമായി സര്‍ക്കാര്‍ പെരുമാറിയെന്നും വി.എസ്. കുറ്റപ്പെടുത്തി.

ജനങ്ങള്‍ പ്രതീക്ഷയോടെയാണ് എല്‍ഡിഎഫ് സര്‍ക്കാരിനെ അധികാരത്തില്‍ എത്തിച്ചത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത കുറവുണ്ടെന്നും കേന്ദ്രകമ്മിറ്റിയില്‍ നല്‍കിയ കുറിപ്പില്‍ വി.എസ്. കുറ്റപ്പെടുത്തി.