പാര്‍ട്ടിക്കകത്ത് പറഞ്ഞ കാര്യങ്ങള്‍ പുറത്തു പറയുന്നത് ശരിയല്ലെന്ന് വിഎസ്

single-img
26 July 2017

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ തന്റെ അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞിട്ടുണ്ടെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. പാര്‍ട്ടിയില്‍ പറഞ്ഞ അഭിപ്രായം പുറത്തുപറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യെച്ചൂരിയെ മല്‍സരിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് വിഎസ് അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. രാജ്യത്തെ നിലവിലെ അവസ്ഥയില്‍ യെച്ചൂരി മല്‍സരിച്ച് രാജ്യസഭയിലെത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നായിരുന്നു വിഎസിന്റെ നിലപാട്. കേന്ദ്രകമ്മിറ്റി ചേരുന്നതിന് ഇടയിലായിരുന്നു തന്റെ അഭിപ്രായം വിഎസ് കുറിപ്പായി നല്‍കിയത്.

ഇതോടെ പിറ്റേ ദിവസത്തെ കേന്ദ്രകമ്മിറ്റി അജന്‍ഡയില്‍ വിഷയം ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുകയും ചെയ്തു. രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് പിന്തുണയില്‍ യെച്ചൂരി മല്‍സരിക്കേണ്ടതില്ലെന്നാണ് കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്. യെച്ചൂരി മല്‍സരിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം കേന്ദ്രകമ്മിറ്റിയോഗം വോട്ടിങിലൂടെ തള്ളുകയായിരുന്നു.

കോണ്‍ഗ്രസ് പിന്തുണയില്‍ യച്ചൂരി മല്‍സരിക്കേണ്ടെന്ന കടുത്ത നിലപാടാണ് കേരള ഘടകമടക്കം ആദ്യം മുതലേ എടുത്തത്. ഇതിന് പിന്നാലെയാണ് യെച്ചൂരിയെ മല്‍സരിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകത വിഎസ് കത്തിലൂടെ അറിയിച്ചത്. ബിജെപിയും നരേന്ദ്ര മോഡിയും പിടിമുറുക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി കാര്യങ്ങള്‍ കരുതലോടെ കാണണമെന്നും വിഎസ് കത്തില്‍ പറഞ്ഞിരുന്നു.