Featured

രോഗത്തെ ചിന്തകൊണ്ട് ചികിത്സിക്കാം

തോട്ട് തെറാപ്പി : (ചിന്ത കൊണ്ട് ചികിത്സ)

സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നവൻ എന്നാണ് മനുഷ്യൻ എന്ന പദം അർത്ഥമാക്കുന്നത്.

“ന കശ്ചിത് ക്ഷണമപി ജാതുതൃഷ്ടത്യ അകർമകൃത്” -ഭഗവത് ഗീത 3/5

ഒരുവനും ഒരു നിമിഷം പോലും ചിന്തയെന്ന കർമമില്ലാത്ത അവസ്ഥയില്ല.
എന്നാൽ മനുഷ്യൻ അവന്റെ ഭൂതകാലത്തെ സ്മരിച്ചുകൊണ്ടും ഭാവിയെക്കുറിച്ചു ആശങ്കപ്പെട്ടുകൊണ്ടും വർത്തമാനകാലത്തെ വിസ്മരിച്ചു നിരാശരായി കഴിയുന്നു. ഇങ്ങനെ മനുഷ്യരിൽ ഏറെപ്പേരും അവന്റെ ജീവഊർജത്തിന്റെ 90% വും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇവിടെ ശരിയായ ചിന്തകൾ തിരഞ്ഞെടുക്കിന്നതിലൂടെ ജീവ ഊർജത്തെ കേന്ദ്രീകരിക്കുക വഴി മനുഷ്യജീവിതം അർത്ഥപൂർണമാക്കുന്നതിനുള്ള ഒരു നൂതന ആവിഷ്കരമാണ് തോട്ട് തെറാപ്പി.

 

തോട്ട് തെറാപ്പിയുടെ അടിസ്ഥാന തത്വങ്ങള്‍ എന്താണ് ?
‘യത് ഭാവം തത് ഭവതി’-ഉപനിഷദ്
‘മനസ്സിന്റെ സ്ഥായിയായ സങ്കല്‍പമെന്താണോ അതു തന്നെ അവന്‍ ജീവിതത്തില്‍ സൃഷ്ടിക്കുന്നു’. ചിന്തകളുടെ കൂട്ടത്തെ മനസ് എന്നു വിളിക്കാം. ചിന്തകളില്ലെങ്കില്‍ മനസ്സില്ല അല്ലെങ്കില്‍ അത് മനസ്സല്ല. ഉദാഹരണത്തിന്, മരങ്ങള്‍ തിങ്ങി നിറഞ്ഞ പ്രദേശത്തിന് വനം എന്നു പറയുന്നു. ഇനി മരങ്ങളില്ലെങ്കിലോ, അത് വനമല്ലാതാവുന്നു.

ചിന്തകള്‍ ജീവ ഊര്‍ജ്ജമാണ്(life force energy). വ്യക്തമായി പറഞ്ഞാല്‍ ചിന്തകള്‍ ഊര്‍ജ്ജ തരംഗങ്ങളാണ് (energy vibrations). ഓരോ ചിന്തകളും അതുമായി ബന്ധപ്പെട്ടിരിക്കുന്ന വികാരങ്ങള്‍ക്കനുസരിച്ചു അതിന്റെ ശക്തി വ്യത്യാസപ്പെട്ടിരിക്കും. ശുദ്ധമായ ചിന്തകളേക്കാള്‍ ശക്തമായതൊന്നും ഈ പ്രപഞ്ചത്തിലില്ല. അതിനാല്‍ ശുദ്ധമായ ചിന്തകള്‍ ശക്തമായ ജീവിതം സൃഷ്ടിക്കുന്നു.

സമ്പൂര്‍ണ്ണ ആരോഗ്യത്തില്‍ ചിന്തയുടെ പ്രധാന്യമെന്താണ് ?
സമ്പൂര്‍ണ്ണ ആരോഗ്യമെന്നത് ഒരുവന്റെ ശുഭചിന്തയുടെയും ശരിയായ ആഹാര ആചാരങ്ങളുടെയും സൃഷ്ടിയാണ്.അതായത് ശരിയായ ആഹാരം, ശരിയായ ആചാരം ,ശരിയായ വിചാരം, ഇവ മൂന്നും ചേരുമ്പോഴാണ് പൂര്‍ണ്ണ ആരോഗ്യം ഉണ്ടാവുന്നത്.
ആയുര്‍വേദ യോഗ ശാസ്ത്രങ്ങളനുസരിച്ചു സമ്പൂര്‍ണ്ണ സൗഖ്യത്തിന്റെ അഞ്ചു പ്രധാന ഘടകങ്ങള്‍ ഇവയാണ്.

1.ഹിതാഹാരം
2.സുഖനിദ്ര
3.വ്യായാമം
4.ദീര്‍ഘശ്വസനം
5.ശുഭചിന്ത

ശുഭചിന്ത എങ്ങനെ കൈവരിക്കാം?

ചാന്ദോഗ്യ ഉപനിഷദ് പ്രകാരം നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുമാണ് നല്ലതും ചീത്തയുമായ നമ്മുടെ ചിന്തകൾ പ്രധാനമായും ഉണ്ടാവുന്നത്. കൂടാതെ നമ്മുടെ ശരിയും തെറ്റുമായ വിശ്വാസങ്ങളിൽനിന്നും (Belief system), മനോഗുണങ്ങൾക്കനുസരിച്ചും (സത്വം,രജസ്സ് ,തമസ്സ് ) ചിന്തകൾ രൂപപ്പെടുന്നു. പ്രധാനമായും ആറു രീതിയിലൂടെ നമുക്ക് ശഭചിന്ത കൈവരിക്കാം.
1.പ്രാർത്ഥന
2.പ്രാണായാമം(ശ്വസന വ്യായാമം)
3.ശുദ്ധമായ ഭക്ഷണം
4.സത്സംഗം(നല്ല കൂട്ടുകെട്ടുകൾ)
5.പരോപകാരം
6.വ്യായാമം

ആരോഗ്യ അനാരോഗ്യ അവസ്ഥകളില്‍ ചിന്തകളുടെ പ്രധാന്യമെന്താണ് ?

‘ശരീര മനസ്സോ യോഗോ പരസ്പരമനുവ്രജേത് ആധാര അധേയ ഭാവേന തപ്താജ്യ ഖടയൊരിവ’-സുശ്രുത സംഹിത.
കുടവും കുടത്തിനുള്ളിലിരിക്കുന്ന നെയ്യും പോലെ ശരീരവും മനസ്സും എപ്പോഴും ആധാര അധേയ ഭാവത്തില്‍ പരസ്പരം ആശ്രയിച്ചിരിക്കുന്നു. അതായത് കുടം ചൂടാവുമ്പോഴും തണുക്കുമ്പോഴും ഉള്ളിലിരിക്കുന്ന നെയ്യിനും മാറ്റമുണ്ടാവുന്നു.

വ്യക്തമായിപറഞ്ഞാല്‍ ,ശരീരത്തെ ബാധിക്കുന്ന അസുഖം മനസ്സിനെയും മനസ്സിനെ ബാധിക്കുന്ന അസുഖം ശരീരത്തെയും സ്വാധീനിക്കുന്നു.കൂടാതെ മനസ്സറിയാതെ മരുന്നുകള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നില്ല.ഓരോ മരുന്നും കഴിക്കുന്ന രോഗിയുടെ മാനസിക നിലക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

രോഗത്തെക്കുറിച്ചുള്ള ഭയമാണ് ആരോഗ്യത്തിനു തടസ്സം.രോഗത്തെക്കുറിച്ചുള്ള അമിത വിചാരവും (Over thinking)മറ്റുള്ളവരോട് അമിത പ്രാധാന്യം നല്‍കി രോഗം പറയലും എല്ലാം രോഗത്തെ ഒരുവനില്‍ നിലനിര്‍ത്തുന്നു.രോഗിക്കു ഡോക്ടറിലും ചികിത്സയിലും ഉള്ള വിശ്വാസവും, ഡോക്ടറുടെ മനശുദ്ധിയുടെയും(mental purity) ഉദ്ദേശശുദ്ധിയുടെയും(pure intentions) ആത്മാര്‍ത്ഥതയുടെയും ആകെത്തുകയാണ് കൈപ്പുണ്യം എന്നത്.

അതിനാല്‍ പകുതി വിശ്വാസം രോഗശമനം സാധ്യമാക്കുന്നില്ല.ഒരു ഡോക്ടറുടെ സ്‌നേഹം നിറഞ്ഞ ഇടപെടല്‍ മൂലം രോഗിയുടെ മനസ്സില്‍ രോഗശമനത്തിനുള്ള ചിന്ത ജനിക്കുകയും തന്മൂലം രോഗിയുടെ ഉള്ളില്‍ നിന്നു തന്നെ രോഗശമന ഊര്‍ജ്ജം ഉണ്ടാവുകയും ചെയ്യുന്നു.അതുകൊണ്ടാണ് സുശ്രുത ആചാര്യന്‍ ,ഒരു ഡോക്ടര്‍ തന്റെ രോഗികളെ സ്വന്തം കുട്ടികള്‍ എന്ന പോലെ പരിചരിക്കണം എന്നു പറഞ്ഞത്.

ഏതെല്ലാം രീതിയില്‍ തോട്ട് തെറാപ്പി മനുഷ്യ ജീവിതത്തില്‍ പ്രയോജനപ്പെടുത്താം?

തോട്ട് തെറാപ്പി പ്രധാനമായും മൂന്നു രീതിയില്‍ മനുഷ്യജീവിതത്തില്‍ പ്രയോജനപ്പെടുത്താം.

1.ഒരു കൗണ്‌സെല്ലിങ് പദ്ധതിയായി(Counselling method)

പ്രതികൂല ജീവിത സാഹചര്യങ്ങളില്‍ (ഉദാ:ബന്ധുജന വിയോഗം,കടം ,നാശനഷ്ടം ,അസുഖങ്ങള്‍ ,പരാജയങ്ങള്‍ ) മനുഷ്യന്റെ ക്രിയാത്മകവും യുക്തിസഹവുമായ ചിന്തയ്ക്ക്(Creative and Logical thinking) വ്യതിയാനം(deviation) സംഭവിക്കുന്നുണ്ട്.ഇങ്ങനെയുള്ള അവസ്ഥകളില്‍ മനുഷ്യന്‍ ചിന്തിക്കേണ്ട അര്‍ത്ഥങ്ങള്‍ ചിന്തിക്കാതിരിക്കുകയും ,ചിന്തിക്കാന്‍ പാടില്ലാത്തവ ചിന്തിക്കുകയും ചെയ്യുന്നു.ഇവിടെ മനഃശാക്തീകരണത്തിനായി തോട്ട് തെറാപ്പി ഒരു കൗണ്‌സെലിങ് പദ്ധതിയായി ഉപയോഗിക്കാം.

2.ഒരു അനുബന്ധ ചികിത്സ പദ്ധതിയായി (Supportive therapy )

‘അനാരോഗ്യ അവസ്ഥയില്‍ ഒരുവന് സ്വയം സമ്മാനിക്കാവുന്ന ഏറ്റവും ലളിതവും ശക്തവുമായ ഔഷധം അവന്റെ ശുഭചിന്തയാണ്’.എന്തെന്നാല്‍ ശുദ്ധമായ ചിന്തകള്‍ ശക്തമായ കോശങ്ങള്‍ സൃഷ്ടിക്കുക വഴി പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും തന്മൂലം ആരോഗ്യം പ്രധാനം ചെയ്യുകയും ചെയ്യുന്നു.

‘ധീ ധൈര്യ ആത്മാദി വിജ്ഞാനം മനോദോഷ ഔഷധം പരം ‘-അഷ്ടാംഗ ഹൃദയം 1|26
ആയുര്‍വേദ ശാസ്ത്ര പ്രകാരം മാനസിക രോഗങ്ങളിലും മനോജന്യവികാരങ്ങളിലും(psychosomatic diseases) രോഗിക്ക് ബുദ്ധിയും ധൈര്യവും ആത്മജ്ഞാനവും പകര്‍ന്നു നല്‍കുക എന്നതാണ് ചികിത്സയില്‍ ആദ്യം വേണ്ടത്.ഇവിടെ ഡോക്ടറുടെ ശുഭവചനങ്ങള്‍(positive suggestions) രോഗിയില്‍ ആരോഗ്യത്തിനു സഹായിക്കുന്ന ശുഭചിന്തകള്‍ സൃഷ്ടിക്കുന്നു.ഇങ്ങനെ തോട്ട് തെറാപ്പി നിര്‍ദ്ദിഷ്ട്ട ചികിത്സകള്‍ (suggestive therapeutics) ആയും ഉപയോഗിക്കുന്നു.

മാനസിക രോഗങ്ങളിലേറെയും ചിന്താവിഭ്രമങ്ങളാണ്(thought perversions).’ഇഷ്ടപ്പെട്ടത് ലഭിക്കാതെയും ഇഷ്ടമില്ലാത്തവ സ്വീകരിക്കേണ്ടി വരുന്നതുമാണ് മനുഷ്യന്റെ ചിന്താ വൈകല്യങ്ങള്‍ക്കും തന്മൂലം മനോരോഗ കാരണമായും മാറുന്നതെന്ന് ആയുര്‍വേദം പറയുന്നു.'(ചാരകം നിദാനം 8|19).ഇവിടെ യോഗാസനവും പ്രാണായാമവും ഉപയോഗപ്പെടുത്തികൊണ്ട് സത്വഗുണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി തോട്ട് തെറാപ്പി ഒരു ധ്യാന യോഗമായും (thought mastery through meditation)ഉപയോഗിക്കുന്നു.

3.ഒരു ചിന്താ ശക്തി പരിശീലന പദ്ധതിയായി(thought power training method):

നിത്യവും 60,000 ത്തിലധികം ചിന്തകളിലൂടെ കടന്നു പോകുന്ന മനുഷ്യമനസ്സില്‍ ,ആവര്‍ത്തിക്കപ്പെടുന്ന പ്രബലവും വൈകാരികവുമായ ചിന്തകളിലൂടെ (repeated dominant emotional thoughts)അവന്റെ ജീവിതം കടന്നു പോകുന്നു.ഇവിടെ ചിന്തകള്‍ തിരഞ്ഞെടുക്കുക വഴി ഒരുവന് വിധിയെ മറി കടക്കാനാവും.മഹത്തായ ജീവിത ലക്ഷ്യങ്ങള്‍ ചിന്തകളായും വാക്കുകളായും രൂപങ്ങളായും ബോധമനസ്സിനാല്‍ ആവര്‍ത്തിക്കുക വഴി ഉപബോധമനസ്സില്‍ ആഴത്തില്‍ പതിപ്പിച്ചു ജീവിത വിജയം നേടുന്നതിനുള്ള ഒരു ചിന്താ ശക്തി പരിശീലന പദ്ധതിയായി തോട്ട് തെറാപ്പി ഉപയോഗിക്കാം.

 

ഡോ: നിയാസ് മീരാൻ
BSc BAMS MSc(Yoga)
ഫൗണ്ടർ – തോട്ട് തെറാപ്പി, അന്താരാഷ്ട്ര ചിന്താ ശക്തി പരിശീലകൻ.
ചീഫ് കൺസൽട്ടന്റ്,ആയുർവേ ആയുർവേദ വെൽനസ്സ് ക്ലിനിക് ,നെടുമങ്ങാട് ,
തിരുവനന്തപുരം.
What’s app:8893390033
email:[email protected]