ശമ്പളം വേണോ?; എങ്കില്‍ റേഷന്‍ കാര്‍ഡ് ഹാജരാക്കണം

single-img
26 July 2017

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ശമ്പളം ലഭിക്കണമെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആഗസ്റ്റിലെ ശമ്പളവും പെന്‍ഷനും നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. സൗജന്യമായി റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നതിനായി പലരും മുന്‍ഗണനാ വിഭാഗ റേഷന്‍ കാര്‍ഡുകള്‍ തരപ്പെടുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

ശമ്പളം വാങ്ങുന്നവര്‍ കാര്‍ഡിന്റെ പകര്‍പ്പ് ശമ്പളം നല്‍കുന്ന ഡ്രോയിംഗ് ആന്‍ഡ് ഡിസ്‌ബെഴ്‌സ്‌മെന്റ് ഓഫീസര്‍ക്ക് നല്‍കണം. പെന്‍ഷന്‍ വാങ്ങുന്നവര്‍ ട്രഷറിയിലോ ബാങ്കിലോ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്നും റേഷന്‍ കാര്‍ഡ് ഇല്ലാത്ത ജീവനക്കാരോ പെന്‍ഷന്‍കാരോ ഉണ്ടെങ്കില്‍ അക്കാര്യം സത്യവാങ്മൂലത്തില്‍ എഴുതി നല്‍കണമെന്നും നിര്‍ദേശമുണ്ട്.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരും പെന്‍ഷനും കുടുംബപെന്‍ഷനും വാങ്ങുന്നവരും മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം ഈ മാസം 30നകം അറിയിച്ച് തിരുത്തണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ കാര്യമായ രീതിയില്‍ ഇതിനുളള അപേക്ഷകള്‍ എത്തുന്നില്ല. ഇതിനെ തുടര്‍ന്നാണ് റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കാത്തവര്‍ക്ക് ശമ്പളം നല്‍കരുതെന്ന് ചീഫ് സെക്രട്ടറി നളിനിനെറ്റോയോട് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടത്.