സന്തോഷ് പണ്ഡിറ്റിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ

single-img
26 July 2017

മഴവില്‍ മനോരമ ചാനല്‍ സംപ്രേഷണം ചെയ്യുന്ന ‘ഡി ഫോര്‍ ഡാന്‍സ്’ പ്രോഗ്രാം വേദിയില്‍ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. വ്യക്തിഹത്യ നടത്തിയ ചാനലിനെതിരെയും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടും നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

വേദിയില്‍ എത്തിയ പ്രയാഗ മാര്‍ട്ടിന് ‘കിട്ടിയ സന്തോഷ് പണ്ഡിറ്റ് പണി’ എന്ന തലക്കെട്ടില്‍ മഴവില്‍ മനോരമ പോസ്റ്റു ചെയ്ത വീഡിയോയ്ക്കു കീഴില്‍ ‘ഇത് വ്യക്തിപരമായ അധിക്ഷേപമാണെന്നും ചാനല്‍ മാപ്പു പറയണമെന്നും’ ആവശ്യപ്പെട്ട് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്.

നടി പ്രയാഗാ മാര്‍ട്ടിന്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും പ്ലക്കാര്‍ഡുകളും ഷോയിലുണ്ടായത്. ഷോയ്ക്കിടയില്‍ പ്രയാഗ പങ്കെടുത്ത ഒരു ഗെയിമിലെ ചില പരാമര്‍ശങ്ങളാണ് വിവാദത്തിന് ആധാരം.

സന്തോഷ് പണ്ഡിറ്റ് എന്നെഴുതിയ ഒരു പ്ലക്കാര്‍ഡ് പ്രയാഗയ്ക്ക് വായിക്കാന്‍ കഴിയാത്തവിധം വെച്ച ശേഷം പ്ലക്കാര്‍ഡില്‍ എന്താണെന്നു പറയാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. ഉത്തരത്തിലേക്കെത്താനുള്ള ക്ലൂ ലഭിക്കുന്നതിനായി പ്രയാഗ ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്.

‘ഈ വ്യക്തി സുന്ദരനാണോ?’ എന്ന പ്രയാഗയുടെ ചോദ്യത്തിന് പരിപാടിയിലെ വിധികര്‍ത്താവായ പ്രസന്ന മാസ്റ്റര്‍ ‘അല്ല’ എന്ന ഉത്തരം നല്‍കിയതിനും ‘കട്ടപ്പ’ എന്ന ബഫൂണ്‍ കഥാപാത്രം സന്തോഷ് പണ്ഡിറ്റിനെ പരിഹസിക്കും വിധം സംസാരിച്ചതിനുമെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

മുന്‍പ് ഏഷ്യാനെറ്റ്, സൂര്യ, ഫ്‌ളവേഴ്‌സ് തുടങ്ങിയ ചാനലുകളും സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള പരിപാടികള്‍ അവതരിപ്പിച്ചപ്പോഴും ശക്തമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. മലയാള സിനിമയിലെ മനുഷ്യത്വമുള്ള നടന്‍ എന്നാണ് സോഷ്യല്‍ മീഡിയ സന്തോഷിന് ചാര്‍ത്തി നല്‍കിയിരിക്കുന്ന പേര്.