ദിലീപിന്റെ അറസ്റ്റിന് ശേഷം ആദ്യമായി മനസ്സുതുറന്ന് മഞ്ജു വാര്യര്‍: കടന്നുപോകുന്നത് കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെ

single-img
26 July 2017

ദിലീപ് അറസ്റ്റിലായതിന് ശേഷം ആദ്യമായി മനസ് തുറന്ന് നടി മഞ്ജു വാര്യര്‍. പ്രിയ സുഹൃത്തായ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഭര്‍ത്താവും നടനുമായ ദിലീപിന്റെ അറസ്റ്റിന് ശേഷം മഞ്ജു വാര്യരുടെ മൗനം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ മനസ് തുറക്കുകയാണ്. ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

അമേരിക്കയില്‍ വെച്ച് നടക്കുന്ന ‘നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് വേദിയിലാണ് മഞ്ജു മനസ് തുറന്നത്. ഇവിടെ എത്തിച്ചേരാന്‍ ഒരുപാട് അധ്വാനം വേണ്ടി വന്നുവെന്നും എത്താന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ശേഷം മഞ്ജു പറഞ്ഞു.

മഞ്ജുവിനു വിദേശയാത്രകള്‍ക്കു വിലക്കുള്ളതിനാല്‍ ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മഞ്ജുവിന്റെ മറുപടി പ്രസംഗത്തിലും നടി അനുഭവിക്കുന്ന ആത്മസംഘര്‍ഷം പ്രകടമായിരുന്നു.

‘ഒരുപാട് അധ്വാനം വേണ്ടി വന്നു ഇവിടെ എത്തിച്ചേരാന്‍…ഇവിടെ എത്താന്‍ സാധിക്കില്ലെന്ന് തീരുമാനിക്കേണ്ടി വന്ന ദിവസങ്ങളായിരുന്നു കടന്ന് പോയിരുന്നത്… അത്രയേറെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോയത്… ആ സമയത്തും ഒട്ടും പ്രതീക്ഷ കൈവിടാതെ എനിക്കൊപ്പം നിന്ന പ്രിയ സുഹൃത്തുക്കള്‍ മാര്‍ട്ടിനും ജോജുവിനും നന്ദി. ഇങ്ങോട്ട് വരാന്‍ അനുവാദം തന്ന ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്ന ആമിയുടെ സംവിധായകന്‍ കമല്‍ സാറിനും നിര്‍മാതാവിനും നന്ദി പറയുന്നുവെന്നും’ മഞ്ജു വാര്യര്‍ പറഞ്ഞു.

വേട്ട, കരിങ്കുന്നം സിക്‌സസ് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് മഞ്ജുവിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. വേട്ടയുടെ സംവിധായകനായ രാജേഷ് പിള്ളയ്ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞ മഞ്ജു വാര്യര്‍ അമേരിക്കന്‍ മലയാളികള്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് അവസാനിപ്പിച്ചത്.

https://www.youtube.com/watch?v=A3reDC8kTwA