കുവൈത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ഇനി വിദേശികള്‍ക്ക് ജോലിയില്ല: നിയമനം നിര്‍ത്താന്‍ മന്ത്രിസഭാ തീരുമാനം

single-img
26 July 2017

കുവൈത്ത്: രാജ്യത്തെ സര്‍ക്കാര്‍ മേഖലകളില്‍ വിദേശികള്‍ക്ക് നിയമനം നല്‍കുന്നത് നിര്‍ത്തിവെക്കും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹിന്റെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭയാണ് ഗവണ്മെന്റ് തസ്തികകളിലെ വിദേശി നിയമനം പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. പൊതുമേഖലയിലെ എല്ലാ വകുപ്പുകളിലും ഉത്തരവ് ബാധകമാണെങ്കിലും ആരോഗ്യമന്ത്രാലയത്തില്‍ വിദേശ ഡോക്ടര്‍മാരെ നിയമിക്കുന്നത് നിബന്ധനയോടെ തുടരും.

ഇതുവരെ സ്വദേശികള്‍ ജോലിചെയ്യാന്‍ മടിക്കുന്ന ചില തസ്തികകളില്‍ വിദേശികളെ നിയമിച്ചുവന്നിരുന്നു. ഇതും നിര്‍ത്തിവെക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. സര്‍ക്കാര്‍ മേഖലയില്‍ വിദേശികള്‍ ജോലിചെയ്തിരുന്ന എല്ലാ തസ്തികകളിലും ജോലി ചെയ്യാന്‍ സ്വദേശികളെ യോഗ്യരാക്കാനാണ് പദ്ധതി.

ഇതിന്റെ ഭാഗമായി 1680 സ്വദേശി യുവതീ യുവാക്കള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ പുതുതായി നിയമനം നല്‍കാന്‍ സിവില്‍ സര്‍വിസ് കമീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് ശേഷം ഡിപ്ലോമ കരസ്ഥമാക്കിയ സ്വദേശികള്‍ക്കാണ് വിവിധ ഡിപ്പാര്‍ട്ട്മന്റെ് തസ്തികകളില്‍ നിയമനം നല്‍കുക.

അതേസമയം, സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദേശികളെ നിയമിക്കുന്നത് തുടരുന്നുണ്ടെങ്കിലും ചുരുക്കം തസ്തികകളില്‍ മാത്രമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മന്ത്രിസഭയുടെ തീരുമാനം പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യക്കാരടക്കം വിദേശികള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ പുതുതായി നിയമനം നേടാന്‍ സാധിക്കില്ല.

സ്വദേശികള്‍ ജോലി ചെയ്യാന്‍ തയാറാകുന്ന സര്‍ക്കാര്‍ തസ്തികകളിലുള്ള വിദേശികള്‍ക്ക് ഏത് സമയവും ജോലി നഷ്ടപ്പെടുമെന്ന സാഹചര്യവും ഇതോടൊപ്പമുണ്ട്. എന്നാല്‍ ഈ തീരുമാനം നഴ്‌സിങ് മേഖലക്ക് ബാധകമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നഴ്‌സുമാരെ വിദേശത്തുനിന്ന് നേരിട്ട് റിക്രൂട്ട് ചെയ്യുമെന്ന് കഴിഞ്ഞ ആഴ്ച ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.