സൗദി തലസ്ഥാനത്തെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നു

single-img
26 July 2017

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നു. ഇതിന്റെ ഭാഗമായി ഓഹരികള്‍ വില്‍ക്കാന്‍ ബഹുരാഷ്ട്ര കമ്പനിയായ ഗോള്‍ഡ് മാന്‍ സാക്‌സിനെ ചുമതലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സാമ്പത്തിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനായി രൂപീകരിച്ച സൗദി സിവില്‍ എവിയേഷന്‍ ഹോള്‍ഡിങ് കമ്പനിയുമായി സഹകരിച്ചാണ് ഓഹരി വില്‍പന നടക്കുക. എന്നാല്‍ ഓഹരികള്‍ എന്ന് വിപണിയിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടില്ല.

ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം കഴിഞ്ഞാല്‍ ഏറ്റവും കൂടിയ വിലക്കുള്ള ഓഹരികളായിരിക്കും റിയാദ് വിമാനത്താവളത്തിന്റേതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി വിഷന്‍ 2030ന്റെ ഭാഗമായി സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കാനുളള നീക്കത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലക്ക് കൈമാറുന്നത്.

സ്വകാര്യ വിപണിയിലിറക്കുന്ന ഓഹരികളിലൂടെ അടുത്ത വര്‍ഷത്തിനകം 200 ബില്യന്‍ ഡോളറിന്റെ പെട്രോളിതര വരുമാനമുണ്ടാക്കുമെന്നാണ് വിഷന്‍ 2030 പദ്ധതിയുടെ വിലയിരുത്തല്‍. ഗതാഗത വ്യോമയാന മേഖലയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. 2016ല്‍ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 22.5 ദശലക്ഷം യാത്രക്കാര്‍ വന്നുപോയിട്ടുണ്ടെന്നാണ് അധികൃതരുടെ വ്യക്തമാക്കുന്നത്.