ദിലീപ് ജയിലിലായതോടെ കോളടിച്ചത് ഈ ‘പ്രമുഖ നടന്’

single-img
26 July 2017

 

കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ജയിലിലായതോടെ ജനപ്രിയ നായകന്‍ ദിലീപിന്റെ സിനിമാ ഭാവി പൂര്‍ണമായും ഇരുട്ടിലാകുമെന്നാണ് സിനിമാ ലോകത്തെ അണിയറ സംസാരങ്ങള്‍ സൂചിപ്പിക്കുന്നത്. ദിലീപിനെ നായകനാക്കി സിനിമ എടുക്കാന്‍ തീരുമാനിച്ചവര്‍ തങ്ങളുടെ ചിത്രങ്ങള്‍ക്കായി മലയാളത്തിലെ മറ്റു പല പ്രമുഖ നടന്മാരെയും സമീപിച്ചതായാണ് റിപ്പോര്‍ട്ട്.

കേസില്‍ ഹെക്കോടതി കൂടി ജാമ്യം നിഷേധിച്ചതോടെയാണ് ദിലീപിന്റെ സിനിമാ ഭാവി പൂര്‍ണമായും അവതാളത്തിലായത്. നിരവധി പ്രോജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുമ്പോഴാണ് ദിലീപ് അഴിക്കുള്ളിലായത്. ഈ മാസം 21ന് റിലീസ് പ്രഖ്യാപിച്ചിരുന്ന രാമലീല ഇനി എന്ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് പോലും ധാരണയില്ല. ‘കുമാരസംഭവം’ എന്ന ചിത്രം ഷൂട്ടിംഗ് പകുതിയായി നില്‍ക്കുകയാണ്. ‘പ്രൊഫസര്‍ ഡിങ്കന്റെയും’ അവസ്ഥ ഏതാണ്ട് ഇതൊക്കെത്തന്നെയാണ്.

ഈ സാഹചര്യത്തിലാണ് ദിലീപിനെ നായകനാക്കി നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്ന ചിത്രങ്ങള്‍ മറ്റ് താരങ്ങളെ വെച്ച് ചെയ്യാന്‍ നിര്‍മ്മാതാക്കളും സംവിധായകരും തീരുമാനിച്ചത്. ദിലീപിന് നഷ്ടപ്പെട്ടുപോയ ജനപിന്തുണ ജയറാമിലൂടെ നേട്ടമാക്കാമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. അതുകൊണ്ട് തന്നെ ദിലീപിനെ നായകനാക്കി തീരുമാനിച്ചിരുന്ന കഥകളുമായി പലരും ജയറാമിനെ സമീപിച്ചതായാണ് അറിയാന്‍ കഴിയുന്നത്.

അടുത്തിടെയായി വലിയ വിജയങ്ങളൊന്നുമില്ലാതെ നില്‍ക്കുന്ന ജയറാമിന് തന്നെയാണ് ദിലീപിന്റെ ജയില്‍ വാസം അനുഗ്രഹമാകുന്നത്. ജയറാമിന്റെ പിന്‍ബലത്തില്‍ സിനിമയിലേക്കെത്തിയ ദിലീപ് പിന്നീട് മലയാള സിനിമയില്‍ ജയറാമിനുണ്ടായിരുന്ന സ്ഥാനം കയ്യടക്കുന്നതാണ് കണ്ടത്. ജയറാം ചെയ്തിരുന്ന ഫാമിലി, കോമഡി, സെന്റിമെന്റല്‍ വേഷങ്ങളിലൂടെയാണ് ദിലീപ് താരമായത്. ദിലീപ് കയറിപ്പോയതോടെ ജയറാം പിന്തള്ളപ്പെട്ടു പോവുകയും ചെയ്തു,

നിലവില്‍ ന്യൂസിലന്‍ഡിലുള്ള ജയറാമിന്റെ ഡേറ്റുകള്‍ തേടി കോളുകള്‍ പോയി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. കുറേ വര്‍ഷങ്ങളായി ഹിറ്റുകളൊന്നും ഇല്ലാതിരുന്ന ജയറാമിന്റെ സമയം തെളിഞ്ഞെന്നാണ് സിനിമാ വൃത്തങ്ങള്‍ പറയുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമാണ് നായകന്‍. ഒപ്പം തമിഴ് നടന്‍ ആര്യയും അഭിനയിക്കുന്നു.

സമുദ്രക്കനിയുടെ ‘ആകാശമിഠായി’യിലാണ് ജയറാം ഇപ്പോള്‍ അഭിനയിക്കുന്നത്. തിരുവമ്പാടി തമ്പാന്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് സമുദ്രക്കനിയുമായി ജയറാം പരിചയപ്പെടുന്നത്. ഒരുദിവസം ധനുഷ്‌കോടിയിലെ ചിത്രീകരണം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ സമുദ്രക്കനി പറഞ്ഞ ആകാശമിഠായിയുടെ കഥ ജയറാമിനെ വല്ലാതെ സ്വാധീനിക്കുകയായിരുന്നു.

കഥ പറഞ്ഞെങ്കിലും അത് സിനിമയാക്കാന്‍ വര്‍ഷങ്ങളെടുത്തു. അതിനിടെ സമുദ്രക്കനി തമിഴില്‍ അപ്പാ എന്ന പേരില്‍ ഈ കഥ സിനിമയാക്കി. രണ്ട് കോടി മുടക്കി ചെയ്ത ചിത്രം അവിടെ നല്ല ചര്‍ച്ചയായിരുന്നു. മലയാളത്തില്‍ തമിഴില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് കഥ പറയുന്നത്. കേരളത്തില്‍ ഇത് ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.