ദിലീപ് ഉടന്‍ സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കില്ല: അന്വേഷണ പുരോഗതി അറിഞ്ഞശേഷം തുടര്‍നടപടി

single-img
26 July 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് സുപ്രീംകോടതിയില്‍ ഉടന്‍ ജാമ്യാപേക്ഷ നല്‍കില്ല. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയും ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത സാഹചര്യത്തില്‍ തുടര്‍ നീക്കങ്ങളെക്കുറിച്ച് ദിലീപ് അഭിഭാഷകരുടെ നിയമോപദേശം തേടുകയായിരുന്നു.

ഇതേത്തുടര്‍ന്ന് അഭിഭാഷകന്‍ ജയിലിലെത്തി ദിലീപുമായി ചര്‍ച്ച നടത്തി. അഡ്വ. രാംകുമാറിന്റെ നിര്‍ദേശപ്രകാരം അഡ്വ. രാമപ്രസാദ് ഉണ്ണിയാണ് ജയിലിലെത്തിയത്. അന്വേഷണ പുരോഗതി വിലയിരുത്തിയശേഷം മതി അടുത്ത നടപടി എന്നാണു ദിലീപിനു കിട്ടിയ നിയമോപദേശമെന്നാണ് സൂചന.

ആദ്യ റിമാന്റ് കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ ഹൈക്കോടതിയില്‍ ദിലീപിനായി അഡ്വ. രാംകുമാര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഈ ഹര്‍ജി തള്ളിയ കോടതി ദിലീപിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

ഇന്നലെ റിമാന്റ് കാലാവധി കഴിഞ്ഞ ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അങ്കമാലി കോടതിക്ക് മുന്നില്‍ ഹാജരാക്കിയെങ്കിലും അടുത്ത മാസം എട്ടുവരെ കാലാവധി നീട്ടുകയായിരുന്നു.

അതേസമയം, നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, കാവ്യയുടെ അമ്മ ശ്യാമള എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ടു ഒന്നും തുറന്നുപറയാത്തതിനാല്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നു അന്വേഷണസംഘം സൂചന നല്‍കി.

ദിലീപിന്റെ മാനേജര്‍ സുനില്‍രാജിന്റെ (അപ്പുണ്ണി) ഒളിയിടത്തെക്കുറിച്ചും പൊലീസിനു രഹസ്യവിവരം ലഭിച്ചു. നിലമ്പൂര്‍ നാടുകാണിച്ചുരത്തിനു സമീപം തമിഴ്‌നാട് അതിര്‍ത്തിയിലെ ദേവാലത്ത് അപ്പുണ്ണിയെ കണ്ടതായാണു പൊലീസിനു വിവരം ലഭിച്ചത്. ദേവാലം പ്രദേശം രണ്ടു ദിവസമായി മലപ്പുറം പൊലീസിന്റെ നിരീക്ഷണത്തിലാണ്.