ബിരിയാണിയില്‍ ചത്ത പല്ലി; ചിത്രം സഹിതം റെയില്‍വേ മന്ത്രിക്ക് ട്വീറ്റ് ചെയ്ത് യാത്രക്കാരന്‍

single-img
26 July 2017

ഉത്തര്‍പ്രദേശ്: ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ലഭിക്കുന്ന ആഹാരം ഉപയോഗശൂന്യമാണെന്ന സിഎജി റിപ്പോര്‍ട്ടിന് പിന്നാലെ ‘പൂര്‍വ എക്‌സ്പ്രസി’ലെ യാത്രക്കാരന് വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്നും ലഭിച്ചത് ചത്ത പല്ലിയെ. യാത്രക്കാരന്‍ ഉടന്‍തന്നെ സംഭവം ചിത്രസഹിതം റയില്‍വേ മന്ത്രിക്ക് ട്വീറ്റ് ചെയ്തു.

ചൊവ്വാഴ്ച്ച പൂര്‍വ്വ എക്‌സ്പ്രസില്‍ ജാര്‍ഖണ്ഡില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടക സംഘത്തിലെ ഒരാള്‍ക്കാണ് ഉച്ചഭക്ഷണമായി വിതരണം ചെയ്ത വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്നും പല്ലിയെ ലഭിച്ചത്. ബിരിയാണി തുറന്നപ്പോള്‍ അസ്വാഭാവികമായി എന്തോ കിടക്കുന്നത് കണ്ട യാത്രക്കാരന്‍ എടുത്ത് നോക്കിയപ്പോള്‍ ഞെട്ടിപ്പോവുകയായിരുന്നു.

ഭക്ഷണത്തില്‍ ചത്ത പല്ലിയാണുണ്ടായിരുന്നതെന്ന് ടിക്കറ്റ് എക്‌സാമിനറോടും പാന്‍ട്രി അറ്റന്ററിനോടും പരാതി പറഞ്ഞെങ്കിലും അവര്‍ അത് അവഗണിക്കുകയാണുണ്ടായത്. തുടര്‍ന്ന് ഭക്ഷണം മോശമെന്നതിന്റെ തെളിവിന് മൊബൈലില്‍ പടമെടുത്ത് അത് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഇതേ ട്രെയിനില്‍ നിന്നും ഭക്ഷണം കഴിച്ച ഒരാള്‍ക്ക് ശാരീരിക ആസ്വാസ്ഥ്യവുമുണ്ടായി.

ഇതിനെ തുടര്‍ന്നാണ് പല്ലി ചത്ത് കിടക്കുന്ന ബിരിയാണിയുടെ ചിത്രം സഹിതം റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് ട്വീറ്റ് ചെയ്തത്. ഉടനെ തന്നെ നടപടിയുണ്ടാവുകയും ചെയ്തു.

ട്രെയിന്‍ ഉത്തര്‍പ്രദേശിലെ മുഗള്‍സാരായി സ്റ്റേഷനിലെത്തിയപ്പോള്‍ തന്നെ മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരെത്തി അസ്വസ്ഥത അനുഭപ്പെട്ട യാത്രക്കാര്‍ക്ക് മരുന്ന് നല്‍കി. സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ട്രെയിന്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണം കഴിക്കാന്‍ കൊള്ളില്ലെന്നും ഭക്ഷണമുണ്ടാക്കുന്നത് മലിന ജലത്തിലും വൃത്തിയില്ലാത്ത സ്ഥലത്തുമാണെന്നും കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കഴിഞ്ഞാഴ്ച പാര്‍ലമന്റെില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

മാത്രമല്ല സിഐജി ഓഡിറ്റിങ് ടീം നടത്തിയ പരിശോധനയില്‍ 75 ശതമാനം യാത്രക്കാരും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും വൃത്തിയിലും തൃപ്തരല്ലെന്നും ശരാശരിയിലും താഴെയാണ് നിലവാരം എന്നാണ് ഭൂരിപക്ഷം യാത്രക്കാരുടെയും അഭിപ്രായമെന്നും കണ്ടെത്തിയിരുന്നു.