“ഷൂട്ടിങ്ങിനെന്ന പേരില്‍ നടിയെ അമേരിക്കയില്‍ എത്തിച്ചു: ഫ്‌ളാറ്റില്‍ ദിവസങ്ങളോളം തടവിലാക്കി പീഡിപ്പിച്ചു”

single-img
26 July 2017


കൊച്ചി: നടിക്കുണ്ടായ ആക്രമണത്തിന് പിന്നാലെ ഓരോ കാലങ്ങളിലായി സിനിമയിലെ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മലയാള സിനിമയിലെ മറ്റൊരു നടി കൂടി പീഡനത്തിനിരയായെന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പ്രേം നസീറിന്റെ നായികയായി അഭിനയിച്ചിട്ടുള്ള മുന്‍കാല നായികയ്ക്കുണ്ടായ അനുഭവത്തെക്കുറിച്ചാണ് അഷ്‌റഫ് പറയുന്നത്.

ഷൂട്ടിങ് എന്ന പേരിലാണ് നടിയെ അമേരിക്കയില്‍ എത്തിച്ചത്. 1982ലായിരുന്നു സംഭവം. ന്യൂയോര്‍ക്കിലെ ഒരു റെഡ് സ്ട്രീറ്റിലേയ്ക്കാണ് അവരെ എത്തിച്ചതെന്നും അവിടെയൊരു ഫ്‌ളാറ്റില്‍ ദിവസങ്ങളോളം അവരെ തടവിലാക്കി പീഡിപ്പിച്ചെന്നുമാണ് വെളിപ്പെടുത്തല്‍. അവിടെ കിടന്ന് അവശയായ അവര്‍ ഒടുവില്‍ എങ്ങനെയോ അവിടെയുള്ള ആര്‍ട്‌സ് വിജയനെ വിളിക്കുകയും ടെലിഫോണ്‍ എഞ്ചിനീയറായ അദ്ദേഹം സ്ഥലം കണ്ടുപിടിച്ച് അവരെ എയര്‍പോര്‍ട്ടില്‍ എത്തിക്കുകയുമായിരുന്നു.

അതാണ് മലയാളം സിനിമയെന്നും നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ കുറ്റവാളിയാണെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കോടതി മറിച്ചു വിധിച്ചാല്‍ പരസ്യ വേദിയില്‍ നടനോട് മാപ്പു ചോദിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘മംഗളമാണ്’ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്‌. നടിമാരോട് മലയാള സിനിമ മാന്യമായ നിലപാടിലാണെന്ന് സൂപ്പര്‍ താരങ്ങളുള്‍പ്പെടെയുള്ളവര്‍ പറയുമ്പോഴും മലയാള സിനിമ അത്ര ശുദ്ധമല്ലെന്ന തെളിയിക്കുന്ന അനുഭവങ്ങളാണ് സിനിമാ ലോകത്തു നിന്നുതന്നെ എത്തുന്നത്.