200 രൂപ നോട്ട് റെഡി: ആഗസ്‌തോടെ പുറത്തിറക്കും

single-img
26 July 2017

ന്യൂഡല്‍ഹി: പുതിയ സുരക്ഷാസംവിധാനങ്ങളുമായി അച്ചടി പൂര്‍ത്തിയാക്കിയ 200 രൂപ നോട്ടുകള്‍ ആഗസ്ത് മാസത്തോടെ പുറത്തിറക്കിയേക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി 2000 രൂപ നോട്ടുകളുടെ അച്ചടി പൂര്‍ണ്ണമായും നിര്‍ത്തി വെച്ചതായാണ് റിപ്പോര്‍ട്ട്.

ജൂണിലാണ് 200 രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ചത്. റിസര്‍വ് ബാങ്കിന് കീഴിലുള്ള രണ്ട് പ്രസ്സുകളിലാണ് അച്ചടി പുരോഗമിക്കുന്നത്. 21 ദിവസമാണ് അച്ചടി പൂര്‍ത്തിയാക്കാന്‍ വേണ്ടുന്ന സമയം എന്നതിനാല്‍ പുതിയ നോട്ടുകള്‍ അടുത്ത മാസം പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം 200 രൂപ നോട്ട് അച്ചടിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചത്. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം കൂടി ലഭിച്ചതോടെയാണ് അച്ചടി തുടങ്ങിയത്.

കഴിഞ്ഞ നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ട് നിയന്ത്രണം പ്രഖ്യാപിക്കും മുമ്പ് 1, 2, 5, 10, 20, 50, 100, 500, 1000 രൂപ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. ഏറ്റവുമേറെ കൈമാറ്റം ചെയ്യപ്പെട്ടിരുന്ന 500 രൂപ, 1000 രൂപ നോട്ടുകള്‍ ഒറ്റയടിക്കു നിരോധിച്ച സര്‍ക്കാര്‍ പകരം ഇറക്കിയത് 2000 രൂപയുടെ നോട്ടാണ്.

കൂടിയ മൂല്യമുള്ള 2000 രൂപ നോട്ട് കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളെപ്പറ്റി ധാരാളം പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പുതിയ 500 രൂപ നോട്ട് വീണ്ടും ഇറക്കിയെങ്കിലും അത് ആവശ്യത്തിന് ലഭ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് 200 രൂപ നോട്ട് ഇറക്കാന്‍ ധനകാര്യവകുപ്പ് തീരുമാനിക്കുന്നത്. കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ പ്രചാരത്തില്‍ വരുന്നതോടെ 2000 രൂപ നോട്ടിന്റെ അച്ചടി കുറച്ചു കൊണ്ടുവരാനാണ് ആര്‍ബിഐ ആലോചിക്കുന്നത്.

ബാങ്കുകള്‍ വഴിയാവും 200 രൂപ നോട്ട് വിതരണം ചെയ്യുക. ഇത് എടിഎം വഴി വിതരണം ചെയ്യണമെങ്കില്‍ രാജ്യത്തെ രണ്ടു ലക്ഷത്തിലേറെ വരുന്ന എടിഎമ്മുകള്‍ ഒരിക്കല്‍ക്കൂടി പുനഃക്രമീകരിക്കേണ്ടിവരും.