മോദിയുടെ നോട്ട് അസാധുവാക്കല്‍ വീണ്ടും?: 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങുന്നെന്ന് അഭ്യൂഹം

single-img
26 July 2017

ദില്ലി: കേന്ദ്രസര്‍ക്കാര്‍ വീണ്ടും നോട്ട് പിന്‍വലിക്കാനൊരുങ്ങുന്നെന്ന് അഭ്യൂഹം. 2000 രൂപ നോട്ട് നിരോധിക്കുമെന്ന തരത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോട് വിശദീകരണം ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയതാണ് അഭ്യൂഹം ശക്തമാക്കിയത്.

പുതിയ 2000 രൂപ നോട്ടുകള്‍ അസാധുവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ ചോദ്യം. എന്നാല്‍, വിശദീകരണം നല്‍കാന്‍ മന്ത്രി കൂട്ടാക്കിയില്ല.

കഴിഞ്ഞ ഏതാനും ആഴ്ചകളായി 2000 രൂപ നോട്ടുകള്‍ക്ക് ‘അസാധാരണ’ ക്ഷാമം നേരിടുന്നുണ്ട്. എടിഎമ്മുകളില്‍നിന്നും 2000 രൂപാ നോട്ടു പഴയതു പോലെ ലഭിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതിനിടെ, പുതിയ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

മൂല്യം കൂടിയ നോട്ടുകള്‍ സൂക്ഷിക്കാന്‍ എളുപ്പമായതിനാല്‍ അവ കള്ളപ്പണമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് വിദഗ്ധര്‍ നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, 2000 പോലുള്ള മൂല്യമേറിയ നോട്ടുകള്‍ ചെറിയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും ബുദ്ധിമുട്ടുണ്ട്.

2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയത്. അന്ന് നിലവിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകളാണ് കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയത്.