രണ്ടാഴ്ച പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു: പതിനെട്ടുകാരന്‍ പിതാവ് അറസ്റ്റില്‍

single-img
26 July 2017

കാലിഫോര്‍ണിയ: ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ പതിനെട്ടുകാരന്‍ പിതാവ് അറസ്റ്റില്‍. രണ്ടാഴ്ച പ്രായമുള്ള സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് സ്ഥലം വിടാന്‍ നേക്കിയ ഡാനിയേല്‍ മിഷേലാണ് അറസ്റ്റിലായത്. കാലിഫോര്‍ണിയയിലെ സിയുസണ്‍ സിറ്റിയിലാണ് സംഭവം. ഇവിടുത്തെ സണ്‍സെറ്റ് എന്ന ഷോപ്പിങ് സെന്ററിന് മുന്നില്‍ ഇയാള്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു.

ഷോപ്പിങ് മാളിന് സമീപം പ്രവര്‍ത്തിക്കുന്ന ബാര്‍ബര്‍ ഷോപ്പിലെ ജീവനക്കാരന്‍ സംഭവം കണ്ടതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. ഇതേ തുടര്‍ന്ന് പോലീസ് എത്തി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പ്രത്യേകം പൊതിഞ്ഞുകെട്ടിയ നിലയില്‍ കാറിലെത്തിയാണ് ഡാനിയേല്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്. ഇയാളുടെ കൂടെ വേറയും ആളുകള്‍ ഉണ്ടായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ നിന്നും ഡാനിയേല്‍ ഇറങ്ങുന്നതും കുട്ടിയെ ഷോപ്പിങ് മാളിന് മുന്നില്‍ വെയ്ക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

അതേസമയം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുന്നതിനിടെ ഇയാളുടെ കാര്‍ അപകടത്തില്‍പ്പെടുകയും തുടര്‍ന്ന് പൊലീസ് എത്തി ഡാനിയേലിനേയും സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചത് ഡാനിയേലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഡാനിയേലിനെതിരെ രണ്ട് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജൂലൈ പത്തിനാണ് കുഞ്ഞ് ജനിച്ചത്. ഭാര്യ അറിയാതെയാണ് ഡാനിയേല്‍ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ കാഷ്യറായി ജോലി നോക്കുന്ന ഡാനിയേല്‍ മറ്റ് ചില കേസുകളിലും പ്രതിയാണെന്നും പോലീസ് പറഞ്ഞു.